പുത്തന്‍ മാറ്റങ്ങളുമായി വാട്‌സാപ്പ്; ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും വാള്‍ പേപ്പറും

whatsapp new updates

വാട്‌സാപ്പ് പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും, വാള്‍പ്പേപ്പറുകള്‍ എന്നിവയ്‌ക്കൊപ്പം സ്റ്റിക്കര്‍ സെര്‍ച്ച് സൗകര്യവും പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാണ്.

അനിമേറ്റഡ് സ്റ്റിക്കര്‍ പാക്ക്

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ‘ടുഗെതര്‍ അറ്റ് ഹോം’ എന്ന സ്റ്റിക്കര്‍ പായ്ക്കിന് പുതിയ അപ്‌ഡേറ്റിലൂടെ ആനിമേഷന്‍ അവതരിപ്പിച്ചു. വാട്‌സാപ്പില്‍ ഏറെ ജനപ്രിയമായ സ്റ്റിക്കര്‍ പായ്ക്ക് ആണ് ടുഗെതര്‍ അറ്റ് ഹോം.

ആനിമേറ്റഡ് രൂപത്തില്‍ അതിലൂടെ കൂടുതല്‍ ആവിഷ്‌കാരം സാധ്യമാവും. അറബിക്, ഫ്രഞ്ച്, ജര്‍മന്‍, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ്, തുര്‍ക്കി ഭാഷകളില്‍ ഈ സ്റ്റിക്കറുകള്‍ ലഭ്യമാണ്.

സ്റ്റിക്കര്‍ സെര്‍ച്ച്

നിലവില്‍ ജിഫ് സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പിലുണ്ട്. സ്റ്റിക്കറുകള്‍ മുഴുവന്‍ സ്‌ക്രോള്‍ ചെയ്ത് തിരയുന്നതിന് പകരം സ്റ്റിക്കര്‍ പാക്കുകളുടെ പേര് തിരഞ്ഞ് കണ്ടുപിടിക്കാന്‍ ഈ സൗകര്യം സഹായിക്കും.

whatsapp stickers

പുതിയ വാള്‍പേപ്പറുകള്‍

ഒരു കൂട്ടം പുതിയ വാള്‍പ്പേപ്പറുകളാണ് വാട്‌സാപ്പില്‍ അവതരിപ്പിച്ചത്. ചാറ്റ് വാള്‍പേപ്പറുകള്‍, ഡൂഡിള്‍ വാള്‍പേപ്പറുകള്‍, ലൈറ്റ്/ഡാര്‍ക്ക് വാള്‍പേപ്പറുകള്‍ എന്നിങ്ങനെ വാള്‍പേപ്പറുകള്‍ ലഭ്യമാണ്. ഇത് കൂടാതെ ആകര്‍ഷകമായ വിവിധ ചിത്രങ്ങളും പുതിയ വാള്‍ പേപ്പര്‍ ലിസ്റ്റില്‍ ഉണ്ട്.

ഫെബ്രുവരി മുതല്‍ നിബന്ധനകള്‍ പരിഷ്‌കരിക്കും
അതോടൊപ്പം 2021 ഫെബ്രുവരി എട്ട് മുതല്‍ വാട്‌സാപ്പ് സേവന നിബന്ധനകള്‍ പരിഷ്‌കരിക്കുമെന്നും റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ഭാഗമായി വാട്‌സാപ്പ് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.

വാട്‌സാപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ചു.

ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെയാണ് വാട്‌സാപ്പ് കൈകാര്യം ചെയ്യുന്നത്, വാട്‌സാപ്പ് ചാറ്റുകള്‍ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് പുതിയ പ്രൈവസി അപ്‌ഡേറ്റിലുള്ളത്.

ഒരു ഇന്‍ ആപ്പ് ബാനര്‍ ആയാണ് ഈ അറിയിപ്പ് കാണിക്കുക. അടുത്തിടെയാണ് ഇന്‍ ആപ്പ് ബാനര്‍ സംവിധാനം വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയത് ഈ ബാനറില്‍നിന്നും ഉപയോക്താക്കളെ മറ്റ് വെബ്‌സൈറ്റുകളിലേക്ക് കൊണ്ടുപോവാന്‍ കഴിയും. ഫെബ്രുവരി എട്ടിലെ അപ്‌ഡേറ്റിനെ കുറിച്ചുള്ള അറിയിപ്പ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയുള്ള വാട്‌സാപ്പിന്റെ ആദ്യ അറിയിപ്പായിരിക്കും.