ആഗോളവ്യാപകമായി യൂട്യൂബ് പണിമുടക്കി

youtube-iphon

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോളവ്യാപകമായി യൂട്യൂബ് പണിമുടക്കി. യൂട്യൂബിലെത്തിയവര്‍ക്ക് ‘ഇന്റേണല്‍ സെര്‍വര്‍ എറര്‍’ എന്ന സന്ദേശം മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതോടെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ യൂട്യൂബിന് എന്താണ് സംഭവിച്ചത് എന്ന ആശങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഇന്ന് പുലര്‍ച്ചെ മുതല്‍ തകരാറിലായ യൂട്യൂബ് ഏകദേശം ഒരു മണിക്കൂറിന് ശേഷം തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കി. യൂട്യൂബ് ടി.വി, ഗൂഗിള്‍ ടിവിയില്‍ നിന്ന് വാങ്ങുന്ന സിനിമകള്‍ മറ്റ് ടി.വി ഷോകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമായി.

യൂട്യൂബ് ഡൗണ്‍ ആണെന്നറയിച്ച നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഇതോടെ യൂട്യൂബ് അധികൃതര്‍ ട്വീറ്റുമായി രംഗത്തെത്തി. ‘യൂട്യൂബ് വിഡിയോ കാണാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഒറ്റക്കല്ല എന്ന് മനസ്സിലാക്കുക. ഞങ്ങള്‍ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്’. ലോകമെമ്പാടും ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളില്‍ ഒന്നായതിനാല്‍ കണ്ടന്റ് ക്രിയേറ്റേഴ്സും ഉപഭോക്താക്കളും പ്രതിസന്ധിയിലായിരുന്നു.