Saturday, July 24, 2021
Home Ediotrs Pick കാല്‍പ്പന്തുല്‍സവത്തിന്റെ ആരവങ്ങള്‍ ഗാലറികളിലേക്ക് തിരിച്ചെത്തുന്നു; യൂറോ കപ്പിന്റെ അവസാന മല്‍സരങ്ങളില്‍ 60,000 കാണികളെത്തും

കാല്‍പ്പന്തുല്‍സവത്തിന്റെ ആരവങ്ങള്‍ ഗാലറികളിലേക്ക് തിരിച്ചെത്തുന്നു; യൂറോ കപ്പിന്റെ അവസാന മല്‍സരങ്ങളില്‍ 60,000 കാണികളെത്തും

ലണ്ടന്‍: പുല്‍മൈതാനങ്ങള്‍ക്ക് തീപ്പിടിക്കുമ്പോള്‍ അലമാലകള്‍ തീര്‍ത്ത് ആര്‍പ്പ് വിളിക്കുന്ന ഗാലറികള്‍ തിരിച്ചുവരുന്നു. കോവിഡ് തകര്‍ത്തുകളഞ്ഞ കാല്‍പ്പന്ത് കളിയിലെ ഉല്‍സവ പരിവേഷം 15 മാസത്തെ ഇടവേളയ്ക്കുശേഷം യൂറോകപ്പ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളോടെ മടങ്ങിയെത്തുകയാണ്.

യൂറോകപ്പിന്റെ രണ്ടു സെമി ഫൈനലുകളും ഫൈനലും നടക്കുന്ന ലണ്ടന്‍ നഗരത്തിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നിന്നാണ് കോവിഡ് ഭീതിയെ വകഞ്ഞുമാറ്റിയുള്ള ഈ തുടക്കം. ജൂലൈ 6,7 തിയ്യതികളിലെ യൂറോ സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്കും ജൂലൈ 11ലെ ഫൈനല്‍ മല്‍സരത്തിനും 60,000 പേരെ വീതം ഗാലറിയില്‍ അനുവദിക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വെംബ്ലിയിലെ ഗാലറി ശേഷിയുടെ 75 ശതമാനമാണ് 60,000. ഇഷ്ടതാരങ്ങളുടെയും ടീമിന്റെയും ഓരോ മുന്നേറ്റത്തിനും ആര്‍പ്പുവിളിക്കുന്ന ആരാധകരുടെ ആവേശം മഹാമാരിയുടെ തുടക്കം മുതലേ ലോകമെങ്ങും അപ്രത്യക്ഷമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗുമെല്ലാം നടന്നത് ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലായിരുന്നു.

സ്റ്റേഡിയം ശേഷിയുടെ 25% പേരേ ഉള്‍പ്പെടുത്തിയാണ് വെംബ്ലിയിലെ ഗ്രൂപ്പ് മല്‍സരങ്ങളെല്ലാം ഇപ്പോള്‍ നടക്കുന്നത്. ഇതനുസരിച്ച് 22,500 പേര്‍ക്കാണ് പ്രവേശനം. നോക്കൗട്ട് റൗണ്ടിലെ മല്‍സരങ്ങള്‍ക്ക് ഇത് 45,000 ആയി ഉയര്‍ത്തും. തുടര്‍ന്നാകും 60,000 പേരെ ഉള്‍പ്പെടുത്തിയുള്ള സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫ്രീന്‍ ഉള്‍പ്പെടെയുള്ളവര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ മാത്രമാണു ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനത്തിന്റെ ഭാഗമാക്കി സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ അനുവദിക്കുന്നത്. വാക്‌സിനേഷന്‍ വിവരങ്ങളടങ്ങിയ ക്യൂആര്‍ കോഡും ടിക്കറ്റിനൊപ്പം സ്‌കാന്‍ ചെയ്താണ് ഓരോരുത്തരെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
ALSO WATCH

Most Popular