Monday, July 26, 2021
Home Special Monday Match തോല്‍വിയറിയാത്ത രണ്ടു വര്‍ഷം; ചരിത്രം രചിക്കാനൊരുങ്ങി അര്‍ജന്റീന

തോല്‍വിയറിയാത്ത രണ്ടു വര്‍ഷം; ചരിത്രം രചിക്കാനൊരുങ്ങി അര്‍ജന്റീന

ജൂലൈ 2 അര്‍ജന്റീന ടീമിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി തുന്നിച്ചേര്‍ക്കും. തോല്‍വിയറിയാതെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയെന്ന റെക്കോര്‍ഡാണ് കോപ അമേരിക്ക ക്വാര്‍ട്ടറിനു മുന്‍പേ ലയണല്‍ സ്‌കലോണിയുടെ സംഘത്തെ കാത്തിരിക്കുന്നത്.

ഇതിനു മുന്‍പ് അവസാനമായി അര്‍ജന്റീന ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങുന്നത് 2019 ജൂലൈ 2നു നടന്ന കോപ്പ അമേരിക്കയിലെ സെമി ഫൈനല്‍ പോരാട്ടത്തിലാണ്. ബ്രസീലില്‍ നടന്ന ടൂര്‍ണമെന്റിന്റെ സെമിയില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ ബ്രസീല്‍ കിരീടവുമുയര്‍ത്തിയിരുന്നു. ഇത്തവണ ആ ക്ഷീണം മറികടന്ന് കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യം തന്നെയാണ് അര്‍ജന്റീന മുന്നിലുള്ളത്.

കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ ആദ്യത്തെ മത്സരത്തില്‍ പതറിയെങ്കിലും പിന്നീടു നടന്ന മത്സരങ്ങളിലെല്ലാം എതിരാളിക്കു മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ മൂന്നു മത്സരങ്ങളിലും ഒരു ഗോളിലധികം നേടാന്‍ കഴിഞ്ഞില്ലെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിനു മുന്‍പ് മുന്നേറ്റനിരക്കും ആത്മവിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മൂന്നു വിജയവും ഒരു സമനിലയുമായി പത്തു പോയിന്റോടെ ഗ്രൂപ്പില്‍ ജേതാക്കളായ അര്‍ജന്റീന ജൂലൈ നാലിന് പുലര്‍ച്ചെ 6.30നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇക്വഡോറിനെയാണ് നേരിടുന്നത്. അതിന് രണ്ട് ദിവസം മുമ്പാണ് ടീം ചരിത്രനേട്ടം കുറിക്കാനിരിക്കുന്നത്.

ഈ രണ്ടു വര്‍ഷത്തിനിടയില്‍ പത്ത് വിജയവും ഏഴു സമനിലയുമായി പതിനേഴു മത്സരങ്ങളാണ് അര്‍ജന്റീന തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ 2000 മുതല്‍ 2002 വരെയുള്ള കാലയളവില്‍ മാഴ്സലോ ബിയല്‍സയുടെ കീഴില്‍ തോല്‍വിയറിയാതെ പതിനെട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന റെക്കോര്‍ഡിന് ഒപ്പമെത്താനും അര്‍ജന്റീനക്ക് കഴിയും.
ALSO WATCH

 

Most Popular