കോവിഡ് മഹാമാരിക്കിടെ ഐപിഎല്ലില്‍ സജീവമായി തുടരുന്ന ഇംഗ്ലീഷ്, ഓസീസ് ക്രിക്കറ്റര്‍മാര്‍ക്കെതിരെ മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്. പണമാണല്ലോ രാജാവ് എന്നാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവുമായി നടത്തിയ ചാറ്റില്‍ ഹോഗ് ചോദിച്ചത്.
ഡേവിഡ് മില്ലര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്നിസ്, പാറ്റ് കമ്മിന്‍സ്, ക്രിസ് ലിന്, ഗ്ലെന്‍ മാക്സ്വെല്, നഥാന്‍ കൗണ്ടര്‍ നെയ്ല്‍, ജേ റിച്ചാഡ്സണ്, റിലി മെറഡിത്ത് എന്നിവരാണ് ഓസ്ട്രേലിയയില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് ജോസ് ബട്ലര്, സാം കറന്, മുഈന്‍ അലി, ടോം കറന്, ഒയിന്‍ മോര്ഗന്, ഡേവിഡ് മലാന്, ജേസണ്‍ റോയ് എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്നുള്ളവര്‍.
അതിനിടെ, ആദം സാംബ, കെയ്ന്‍ റിച്ചാര്ഡ്സണ്, ലിയാം ലിവിങ്സ്റ്റണ്, ആന്‍ഡ്ര്യൂ ടൈ എന്നീ വിദേശ താരങ്ങള്‍ ടൂര്‍ണമെന്റിനിടെ ‘വ്യക്തിപരമായ കാരണങ്ങളാല്‍’ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. പോകുന്നവര്‍ക്ക് പോകാമെന്നും കളി തുടരുമെന്നുമാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്. നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓസീസ്, ഇംഗ്ലണ്ട് ടീമുകള്‍ അവരുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റിവച്ചിരുന്നു. എന്നാല്‍ ഇരുരാഷ്ട്രങ്ങളിലെയും നിരവധി കളിക്കാര്‍ ഐപിഎല്ലില്‍ സജീവവുമാണ്.