റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി. പെനല്‍റ്റിയിലൂടെയാണ് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയത്. അര്‍ജന്റീനയ്ക്കായി നായകന് ലയണല്‍ മെസ്സിയും ചിലിയ്ക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍ നേടി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ചിലിയുടെ ഗംഭീര പ്രകടനമാണ് ദൃശ്യമായത്. അല്‍പ്പ സമയത്തേക്ക് പതറിപ്പോയ അര്‍ജന്റീന പതിയെ താളം വീണ്ടെടുത്തു.
11-ാം മിനിട്ടില്‍ അര്‍ജന്റീനയുടെ മാര്‍ട്ടിനെസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 15-ാം മിനിട്ടില്‍ അര്‍ജന്റീനയുടെ ഗോണ്‍സാലെസിന്റെ മികച്ച ഒരു ഷോട്ട് ചിലിയന്‍ ഗോള്‍കീപ്പര്‍ ബ്രാവോ തട്ടിയകറ്റി. തൊട്ടുപിന്നാലെ താരത്തിന് വീണ്ടും ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
26-ാം മിനിട്ടില്‍ ചിലിയുടെ മെനെസിസ് ഒറ്റയ്ക്ക് മുന്നേറി ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലേക്ക് ഉരുണ്ടുപോയി. 32-ാം മിനിട്ടില്‍ ലോ സെല്‍സോയെ ബോക്സിന് വെളിയില്‍ വെച്ച് എറിക്ക് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.
ഫ്രീകിക്കെടുത്ത നായകന് ലയണല്‍ മെസ്സിക്ക് പിഴച്ചില്ല. 33-ാം മിനിട്ടില്‍ മെസ്സിയുടെ ഇടംകാലില്‍ നിന്നും കുതിച്ച പന്ത് ഗോള്‍കീപ്പര്‍ ബ്രാവോയ്ക്ക് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു. മെസ്സി രാജ്യത്തിനായി നേടുന്ന 73-ാം ഗോളായിരുന്നു ഇത്. 77 ഗോളുകളുള്ള പെലെയുടെ ഒപ്പമെത്താന്‍ ഇനി നാലു ഗോളുകള്‍ മാത്രം മതി.
രണ്ടാം പകുതിയില്‍ മാര്‍ട്ടിനെസിന്റെ മികച്ച മുന്നേറ്റത്തിലൂടെ 52-ാം മിനിട്ടില്‍ മെസ്സിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളായില്ല. പിന്നാലെ കൗണ്ടര്‍ അറ്റാക്കിലൂടെ ചിലി അര്‍ജന്റീന ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. ബോക്സിനകത്തുവെച്ച് ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിന് ചിലിയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.
എന്നാല്‍ വിദാലിന്റെ കിക്ക് ഉജ്ജ്വലമായി ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെയെത്തിയത് എഡ്വാര്‍ഡോ വര്‍ഗാസിന്റെ അടുത്തേക്കാണ്. അനായാസമായി പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്ത് വര്‍ഗാസ് ചിലിയ്ക്കായി സമനില ഗോള്‍ നേടി.
ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന കൂടുതല്‍ ആക്രമിച്ചു കളിച്ചു. 70-ാം മിനിട്ടില്‍ മെസ്സിയുടെ മികച്ച ഒരു ലോങ്റേഞ്ചര്‍ ബ്രാവോ തട്ടിയകറ്റി. 79-ാം മിനിട്ടില്‍ മെസ്സിയുടെ മികച്ച പാസ്സിലൂടെ ഗോള്‍ നേടാനുള്ള അവസരം ഗോണ്സാലസിന് ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ബോക്സിന് മുകളിലൂടെ പറന്നു.
അര്‍ജന്റീന ആക്രമണ ശൈലി സ്വീകരിച്ചപ്പോള്‍ പ്രതിരോധത്തിലൂന്നി അവസരങ്ങള്‍ കിട്ടുമ്പോള്‍ എതിര് പോസ്റ്റിലേക്ക് കുതിക്കുന്നതായിരുന്നു ചിലിയുടെ ശൈലി. കുറിയ പാസുകളുമായി അതിമനോഹര പ്രകടനമാണ് ചിലി പുറത്തെടുത്തത്.
ബൊളീവിയക്കെതിരേ പരാഗ്വേ
ഗ്രൂപ്പ് എ യില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ പരാഗ്വേ ബൊളീവിയയെ ഒന്നിനെതിരേ 3 ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ പകുതിയില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ എര്വിന് സാവേദ്രയാണ് ബൊളീവിയക്ക് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍, അലജാന്‍ഡ്രോ റൊമീറോയും ആന്‍ജല്‍ റൊമീറോയും ചേര്‍ന്ന് പരാഗ്വേയെ വിജയത്തിലേക്കു നയിച്ചു.
ALSO WATCH