ഫുട്‌ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഫുട്‌ബോള്‍ പരിശീലകയും ആദ്യകാല വനിതാ ഫുട്‌ബോള്‍ താരവുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലക എന്ന പദവിയും വഹിച്ചിട്ടുണ്ട്.

കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്‌ബോളിലായിരുന്നെങ്കിലും പിന്നീട് പല കായിക ഇനങ്ങളിലും പങ്കെടുത്തു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പര്‍ എന്നി നിലകളിലെല്ലാം ഫൗസിയ തിളങ്ങി. കൊല്‍ക്കത്തയില്‍നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനല്‍ മത്സരത്തില്‍ കേരളം തോറ്റെങ്കിലും ഗോള്‍പോസ്റ്റിനുകീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം പഠനത്തിനും കായികരംഗത്തും ഫൗസിയ്ക്ക് പിതാവ് മൊയ്തുവായിരുന്നു പൂര്‍ണ പിന്തുണ.

അര്‍ഹിച്ച പരിഗണന സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് തൊഴില്‍തേടി 2002-ല്‍ അവര്‍ അന്നത്തെ സംസ്ഥാന കായിത മന്ത്രിയായിരുന്ന കെ. സുധാകരനെ സന്ദര്‍ശിച്ചതോടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രതിദിനം നൂറുരൂപ വേതനാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ കോച്ചായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട് നടക്കാവ് സ്‌കൂളിലെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഫൗസിയ ഏറ്റെടുത്തു. അര്‍പ്പണമനോഭാവത്തോടെയുള്ള അവരുടെ ശിക്ഷണംകൊണ്ട് അഭൂതപൂര്‍വമായ നേട്ടങ്ങളാണ് നടക്കാവ് സ്‌കൂളിലെ കുട്ടികള്‍ കൈവരിച്ചത്. 2003-ല്‍ കേരളാടീമിലേക്ക് ജില്ലയില്‍നിന്ന് നാലുപേരെയാണ് ഫൗസിയ നല്‍കിയത്. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും ഫൗസിയയായിരുന്നു. അതേസമയം ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ടി. നിഖില, വൈ.എം. ആഷ്‌ലി തുടങ്ങിയവരും ഫൗസിയയുടെ കീഴില്‍ നിന്നെത്തിയവരാണ്.

2005-ല്‍ മണിപ്പൂരില്‍നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാംസ്ഥാനം നേടിയപ്പോള്‍ ടീമിന്റെ കോച്ച്, 2006-ല്‍ ഒഡിഷയില്‍നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ച് എന്നി നിലയിലും ഫൗസിയ വിജയമായി. സംസ്‌കാരം 11.30 ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.