അശ്വിന്റെ സെഞ്ചുറിയില്‍ കുതിച്ച് ഇന്ത്യ; ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 482 റണ്‍സ് വേണം

India England -ashwin-kohli

അശ്വിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്ത്യയോട് ജയിക്കണമെങ്കില്‍ 482 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 286ന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 195 റണ്‍സ് ലീഡ് നേടിയിരുന്നു. 134 പന്തില്‍ നിന്നാണ് അശ്വിന്‍ കരിയറിലെ അഞ്ചാം സെഞ്ചുറി നേടിയത്. വിരാട് കോലി 62 റണ്‍സെടുത്ത് പുറത്തായി. അശ്വിന്‍-കോലി ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 96 റണ്‍സാണ് നേടിയത്. അശ്വിന്‍ ഒന്‍പതാം വിക്കറ്റില്‍ ഇഷാന്തിനൊപ്പം 27 റണ്‍സും പത്താം വിക്കറ്റില്‍ സിറാജിനൊപ്പം 49 റണ്‍സും നേടി. മുഹമ്മദ് സിറാജ് 16 റണ്‍സുമായി പുറത്താവാതെനിന്നു. ഒന്നാം ഇന്നിങ്‌സില്‍ അശ്വന്‍ 5 വിക്കറ്റ് വീഴ്ത്തി ഗംഭീര പ്രകടനം കാഴ്ച്ചവച്ചിരുന്നു.

രോഹിത് ശര്‍മ (26), ശുഭ്മാന്‍ ഗില്‍ (14), ചേതേശ്വര്‍ പൂജാര (7), ഋഷഭ് പന്ത് (8), അജിന്‍ക്യ രഹാനെ (10), അക്‌സര്‍ പട്ടേല്‍ (7), കുല്‍ദീപ് യാദവ് (3), ഇഷാന്ത് ശര്‍മ (7) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തതോടെ ചേതേശ്വര്‍ പൂജാര റണ്‍ഔട്ടായി. പിന്നാലെ രോഹിത്തും മടങ്ങി.

കോലി പിടിച്ച് നിന്നെങ്കിലും തുടരെ തുടരെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീണു. ഇതോടെ സ്‌കോര്‍ ആറിന് 106. പിന്നാലെയെത്തിയ അശ്വിന്‍ നിലയുറപ്പിച്ചതോടെയാണ് ഇന്ത്യ കരകയറിയത്. സ്‌കോര്‍ 202 ല്‍ നില്‍ക്കെ വിരാട് കോലി പുറത്തായി. മൊയീന്‍ അലി എല്‍ബിയില്‍ കുടുക്കിയാണ് കോലിയെ പുറത്താക്കിയത്.