Wednesday, September 22, 2021
Home Sports ഇന്ത്യക്ക് ഇന്ന് നിര്‍ണായകം; ന്യൂസിലന്റിനെ പിടിച്ച് കെട്ടാന്‍ ബോളര്‍മാര്‍ക്ക് കഴിയുമോ

ഇന്ത്യക്ക് ഇന്ന് നിര്‍ണായകം; ന്യൂസിലന്റിനെ പിടിച്ച് കെട്ടാന്‍ ബോളര്‍മാര്‍ക്ക് കഴിയുമോ

സതാംപ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കലാശക്കളിയുടെ നാലാം ദിനമായ ഇന്ന് ഇന്ത്യക്കു നിര്‍ണായകം. ആദ്യം ബാറ്റിങ്ങിലും പിന്നാലെ ബോളിങ്ങിലും നിരാശപ്പെടുത്തിയ ഇന്ത്യക്ക് കരയകറണമെങ്കില്‍ ബോളര്‍മാര്‍ തിളങ്ങണം. ആദ്യ ദിനം സ്വിങ് കണ്ടെത്താനാകാതെ വിഷമിച്ച ഇന്ത്യ ബോളര്‍മാര്‍, ഇന്ന് ആദ്യ സെഷനില്‍ പുറത്തെടുക്കുന്ന പ്രകടനം മത്സരഫലത്തില്‍ നിര്‍ണായകമാകും.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡ്, ഇന്ന് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിക്കും. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (12), റോസ് ടെയ്ലര്‍ (0) എന്നിവര്‍ ബാറ്റിങ് തുടങ്ങും. ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണര്‍മാരുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിന് ഇതുവരെ നഷ്ടമായത്. ഇതില്‍ ഡിവോണ്‍ കോണ്‍വേ അര്‍ധസെഞ്ചുറി നേടി. 153 പന്തുകള്‍ നേരിട്ട കോണ്‍വേ 54 റണ്‍സെടുത്തു. ടോം ലാഥം 104 പന്തില്‍ 30 റണ്‍സും നേടി. ഇന്ത്യയ്ക്ക് ലഭിച്ച രണ്ടു വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ പങ്കിട്ടു.

രണ്ടാം ദിനത്തിലെ ചെറുത്തുനില്‍പിനുശേഷം ഇന്നലെ കൂട്ടത്തകര്‍ച്ച നേരിട്ടാണ് ഇന്ത്യ 217നു പുറത്തായത്. 5 വിക്കറ്റുമായി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചതു ജയ്മിസനാണ്. ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്‌നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം നേടി. മഴമൂലം അര മണിക്കൂര്‍ വൈകിത്തുടങ്ങിയ 3ാം ദിനത്തില്‍ 3ന് 146ല്‍ ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ഔട്ടായി. അവസാന 3 വിക്കറ്റുകള്‍ വീണത് 4 പന്തുകള്‍ക്കിടയില്‍. തലേന്നു ക്രീസില്‍ കരുതലോടെ നിലയുറപ്പിച്ച കോലിക്ക് (44) ഇന്നലെ ഒരു റണ്‍ പോലും നേടാനായില്ല.
ALSO WATCH

Most Popular