വാര്‍ണറെ മാറ്റി; ഹൈദരാബാദിനെ ഇനി വില്യംസന്‍ നയിക്കും

williamson-warner

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകനെ മാറ്റി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിനു പകരം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്യംസ് ഇനി ടീമിനെ നയിക്കും. ഈ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് വാര്‍ണറിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയത്.

ഇതിനകം ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഒരേയൊരു ജയവും അഞ്ച് തോല്‍വിയും സഹിതം രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ്. ഈ സാഹചര്യത്തിലാണ് വാര്‍ണറിനു പകരം വില്യംസനെ ക്യാപ്റ്റനായി പരീക്ഷിക്കാന്‍ ടീം തീരുമാനിച്ചത്. ടീമിലെ വിദേശ താരങ്ങളുടെ കോംബിനേഷനില്‍ മാറ്റമുണ്ടാകുമെന്നും ഹൈദരാബാദ് ടീം അറിയിച്ചു.

‘വര്‍ഷങ്ങളായി ഈ ടീമില്‍ ഡേവിഡ് വാര്‍ണര്‍ ചെലുത്തിയ സ്വാധീനം പരിഗണിക്കുമ്പോള്‍ ഇങ്ങനെയൊരു തീരുമാനം അത്ര അനായാസമായിരുന്നില്ല. വിജയവഴിയിലെത്താനുള്ള ഹൈദരാബാദിന്റെ ശ്രമങ്ങള്‍ക്ക് കളത്തിനകത്തും പുറത്തും കരുത്തു പകരാന്‍ വാര്‍ണര്‍ തുടര്‍ന്നുമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച പ്രതീക്ഷയുണ്ട്’- ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന രാജസ്ഥാനെതിരായ മത്സരം മുതലാണ് വില്യംസന്‍ ടീമിന്റെ ചുമതലയേറ്റെടുക്കുക.

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ തോല്‍വിയോടെയാണ് വാര്‍ണറിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചത്. ഈ മത്സരത്തില്‍ വാര്‍ണറിന്റെ മന്ദഗതിയിലുള്ള ബാറ്റിങ് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം വാര്‍ണര്‍ ഏറ്റെടുക്കുകയും ചെയ്തു. അതിനു മുന്‍പുള്ള മത്സരത്തില്‍ മനീഷ് പാണ്ഡെയെ കളിപ്പിക്കാതിരുന്ന തീരുമാനം സെലക്ടര്‍മാരുടെ പിഴവാണെന്നും വാര്‍ണര്‍ തുറന്നടിച്ചിരുന്നു.
Kane Williamson handed SRH captaincy for remainder of IPL 2021
ALSO WATCH