ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് അപൂര്‍വ്വ നേട്ടം. സ്പാനിഷ് ലാലിഗയില്‍ റയല്‍ വയ്യഡോയ്ഡിനെതിരായ മത്സരത്തിലൂടെ ബാഴ്സ കുപ്പായത്തില്‍ 767-ാം മത്സരം കളിച്ച അര്ജന്റീനക്കാരന്, കാറ്റലന്‍ ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ തവണ ബൂട്ടുകെട്ടിയ താരമെന്ന റെക്കോര്‍ഡാണ് മെസ്സി സ്വന്തം പേരിലാക്കിയത്.
വയ്യഡോയ്ഡിനെതിരായ മത്സരം ആരംഭിക്കുന്നതിനു മുമ്പായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മെസ്സിക്കരികിലേക്ക് സെര്‍ജിയോ ബുസ്ക്വറ്റ്സ്, ജെറാഡ് പിക്വെ, സെര്‍ജി റോബര്‍ട്ടോ എന്നിവര്‍ ചേര്‍ന്ന് പ്രത്യേക സമ്മാനം കൊണ്ടുവന്നു. 17-ാം വയസ്സില്‍ മെസി അരങ്ങേറിയ 2003-04 സീസണില്‍ അണിഞ്ഞിരുന്ന ജഴ്സിയുടെ ഫ്രെയിം ചെയ്ത മാതൃകയായിരുന്നു സമ്മാനം. ജഴ്സിയില്‍ സഹതാരങ്ങള്‍ ഒപ്പുവെച്ചിരുന്നു. സമ്മാനവുമായി സഹതാരങ്ങള്‍ക്കൊപ്പം മെസി ഫോട്ടോക്ക് പോസ് ചെയ്തു.
ടീമംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ സെഷനു ശേഷം ഫോട്ടോയെടുക്കാന്‍ കുടുംബവും മെസിയുടെ കൂടെ ചേര്‍ന്നു. ഭാര്യ ആന്റനെല റൊക്കുസോ, മക്കളായ തിയാഗോ, സിറോ, മാറ്റിയോ എന്നിവര്‍ക്കൊപ്പവും ഫോട്ടോയെടുത്ത താരം കുടുംബത്തിന് മുത്തം നല്‍കിയാണ് മൈതാനത്തേക്ക് മടങ്ങിയത്. 766 മത്സരങ്ങള്‍ കളിച്ച മുന്‍ സഹതാരം ഷാവി ഹെര്‍ണാണ്ടസിന്റെ റെക്കോഡാണ് മെസ്സി മറികടന്നത്. അതേസമയം മത്സരത്തില്‍ ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.