കോഴിക്കോട്: മലയാളി യുവതിയെ വിവാഹവാഗ്ദാനം നല്‍കി ദുബായില്‍ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുപി സ്വദേശിയെ ഇരിക്കൂറിലെത്തിച്ചു തെളിവെടുപ്പു നടത്തി. യുപി ബറേലി സ്വദേശിയായ നദീം ഖാനെ (26) യാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂര്‍ പോലീസ് പ്രതി താമസിച്ചിരുന്ന ഇസത് നഗറിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുബായില്‍ ഇരുവരും ഒരേ സ്ഥാപനത്തിലെ ജോലിക്കാരായിരുന്നു. പരിചയത്തിലായ ഇവര്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ദുബായില്‍ വച്ച് നദീംഖാന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി. നാട്ടിലെത്തിയ യുവതി ഒരു മാസം മുമ്പ് പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞു മരിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയെത്തുടര്‍ന്നു മുങ്ങിയ നദീമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വീണ്ടും ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇരിക്കൂറിലെത്തിച്ച പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.