Home News Kerala യുഎസ് കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍

യുഎസ് കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍

ന്യൂഡല്‍ഹി: ഇറാനിയന്‍ നേവി പിടിച്ചെടുത്ത യുഎസ് എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി, ഹൈബി ഈഡന്‍ എംപി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, പ്രതിപക്ഷ നേതാവ്, ഇറാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ എംബസി എന്നിവര്‍ക്കു കത്തയച്ചു.

എറണാകുളം കൂനമ്മാവ് പുതുശേരി വീട്ടില്‍ എഡ്വിന്‍ (27), കടവന്ത്ര സ്വദേശികളായ ജിസ്‌മോന്‍, ജിബിന്‍ ജോസഫ്, മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന്‍ എന്നിവരാണ് യുഎസ് കപ്പലായ അഡ്വാന്റേജ് സ്വീറ്റിലുള്ളത്. കപ്പലില്‍ 24 ജോലിക്കാരാണുള്ളത്. ഒമാന്‍ തീരത്ത് വച്ച് അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ചാണ് യുഎസ് കപ്പല്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പല്‍ ഇറാന്‍ നാവിക സേന അജ്ഞാത തുറമുഖത്തേക്കു മാറ്റുകയും ചെയ്തു. കപ്പലില്‍ ആശയവിനിമയത്തിനുപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഇറാനിയന്‍ നേവി പിടിച്ചെടുത്തതായാണ് വിവരം.

23 ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു റഷ്യക്കാരനും കപ്പലിലുള്ളതായി കമ്പനി അറിയിച്ചെന്നും കുടുംബാഗങ്ങള്‍ പറഞ്ഞു. കുവൈറ്റില്‍നിന്ന് യുഎസിലെ ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇറാനിയന്‍ നേവി എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.