ദോഹ: ലുസൈല്‍ ബൊളിവാര്‍ഡിലെ ഈദ് ആഘോഷപരിപാടികള്‍ ഇന്നു സമാപിക്കും. വിനോദപരിപാടികളില്‍ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടമാണു ദിവസങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 22നാണ് ലൂസൈലില്‍ ഈദ് ആഘോഷങ്ങള്‍ ആരംഭിച്ചത്. പരേഡുകള്‍, സ്‌റ്റേജ് ഷോകള്‍, ഡ്രോണ്‍ ഷോകള്‍, ബിഗ് ഫെതര്‍ ഷോകള്‍, മിക്കി മൗസ് ജഗഌമാര്‍, ലൈവ് മ്യൂസിക് ഷോ, കരിമരുന്ന് പ്രയോഗങ്ങള്‍ തുടങ്ങിയ നിരവധി പരിപാടികളാണ് ലുസൈലില്‍ നടക്കുന്നത്.
ഖത്തറിലെ രണ്ടാമത്തെ വലിയ നഗരമായ ലുസൈലില്‍ അവധിദിവസങ്ങള്‍ ആഘോഷിക്കാനെത്തുന്നവര്‍ മികച്ച അനുഭവമാണു പങ്കുവയ്ക്കുന്നത്. ഈദ് ദിവസങ്ങളില്‍ കത്താറ, വാഖിഫ് തുടങ്ങിയ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്, പക്ഷേ ഇതുവരെ ബൊളിവാര്‍ഡിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ലുസൈല്‍ വ്യത്യസ്തമായ അനുഭവമാണു സമ്മാനിക്കുന്നതെന്ന് ബൊളിവാര്‍ഡിലെ ആദ്യ സന്ദര്‍ശകയായ സാമന്ത റെജിസ് അഭിപ്രായപ്പെട്ടു.
ലുസൈലില്‍ ഈദ് ആഘോഷങ്ങളുമായുള്ള പരിപാടികള്‍ വിവിധ പ്രായക്കാരെ ആകര്‍ഷിക്കുന്നതായിരുന്നു. കുട്ടികളുമായി നഗരത്തിലെത്തുന്നവരുടെ എണ്ണം അവധിദിനങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ചിരുന്നു. നഗരത്തിന്റെ ആധുനികമുഖം കുടുംബസൗഹാര്‍ദപരമാണെന്നും ആരെയും ആകര്‍ഷിക്കുന്നതാണെന്നും ലുസൈല്‍ സിറ്റി അധികൃതര്‍ പറഞ്ഞു.
ലോകകപ്പു മത്സരങ്ങള്‍ നടക്കുമ്പോഴും ലുസൈല്‍ സിറ്റി സഞ്ചാരികളുടെ ഇഷ്ടപ്പെട്ട കേന്ദ്രമായിരുന്നു.