Saturday, April 17, 2021
Home Sub Title എഴുത്തുകാര്‍ക്ക് പണമുണ്ടാക്കാന്‍ വഴിയൊരുക്കി ഫേസ്ബുക്ക്; ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ക്ക് ഭീഷണിയാവും

എഴുത്തുകാര്‍ക്ക് പണമുണ്ടാക്കാന്‍ വഴിയൊരുക്കി ഫേസ്ബുക്ക്; ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ക്ക് ഭീഷണിയാവും

സ്വതന്ത്ര എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുതിയ സാധ്യതയൊരുക്കാന്‍ ഫേസ്ബുക്ക്. സബ്‌സ്‌ക്രിപ്ഷനിലൂടെ എഴുത്തുകാര്‍ക്ക പണമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നത്. വരും മാസങ്ങളില്‍ അമേരിക്കയില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങും.

തുടക്കത്തില്‍ ചെറിയൊരു വിഭാഗം എഴുത്തുകാരുമായാണ് ഫേസ്ബുക് പങ്കാളിയാവുക. വിവിധ മാര്‍ഗങ്ങളിലൂടെ ഇതില്‍ നിന്ന് എഴുത്തുകാര്‍ക്ക് പണവും ലഭിക്കും. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ എഴുത്തുകാരെ ഉള്‍ക്കൊള്ളിക്കുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യും.

വ്യക്തിഗത വെബ്‌സൈറ്റ്, ഇമെയില്‍ ന്യൂസ് ലെറ്ററുകള്‍ എന്നിവ സജ്ജീകരിക്കുന്നതിനുള്ള വിവിധ ടൂളുകള്‍ ഫേസ്ബുക്കിന്റെ പുതിയ പ്ലാറ്റ്‌ഫോമില്‍ ലബിക്കും. ഫേസ്ബുക്ക് പേജുകളുമായി ഇതിനെ ബന്ധിപ്പിക്കും. വീഡിയോ സ്റ്റോറി, ഫോട്ടോ പോലുള്ള മള്‍ട്ടിമീഡിയ രൂപത്തിലും പ്രസിദ്ധീകരിക്കാം. ഇതുമായി ബന്ധപ്പെടുത്തി ഗ്രൂപ്പുകളും നിര്‍മിക്കാം.

വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പണം നല്‍കണമെന്ന് ഈയിടെ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. സമാനമായ നിയമം മറ്റു പല സര്‍ക്കാരുകളും ആലോചിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് സ്വന്തമായ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ എന്ന സംവിധാനം വഴി പണമുണ്ടാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വന്തമായ ന്യൂസ് പ്ലാറ്റ്‌ഫോം വരുന്നതോട് കൂടി ഈ സൗകര്യം ഇല്ലാതായേക്കും.

2018 മുതല്‍ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിന് 600 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചതായി ഫേസ്ബുക്ക് പറയുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഈ മേഖലയില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് പദ്ധതി. ക്രമേണ ഓണ്‍ലൈന്‍ വാര്‍ത്താ വിതരണ മേഖല കൈപ്പിടിയിലൊതുക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
ALSO WATCH

Most Popular