ഹാസ്യത്തിന്റെ ‘കോഴിക്കോടന്‍ ചന്ദ്രിക’

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മാമുക്കോയ കടന്നുപോകുമ്പോള്‍ മലയാളികള്‍ നൊമ്പരപ്പെടും. കാരണം, താരജാഡകളില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. സിനിമാനടനെന്ന തലക്കനമില്ലാതെ കോഴിക്കോട് നഗരത്തിലൂടെ ആളുകളോടു കുശലം പറഞ്ഞു നടന്ന മനുഷ്യന്‍. ലൊക്കേഷനുകളിലും അങ്ങനെതന്നെ. കലയുടെ സാമ്രാജ്യമായ കോഴിക്കോടിന്റെ മുഖമുദ്രയായിരുന്നു ആ നടന്‍. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ എന്നോര്‍ക്കണം.

പള്ളിക്കണ്ടിയെന്നാല്‍ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളര്‍ന്നത്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ ജോലിക്ക് പോയി. നാടക കുലപതി കെ.ടി. മുഹമ്മദും വാസുപ്രദീപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിനു പിന്നാലെയായിരുന്നു. 1979 ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു.

1982ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശ പ്രകാരം സുറുമിയിട്ട കണ്ണുകളില്‍ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. നാലു കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടു കൂട്ടാം. എന്ന് വെച്ചാല്‍ മോഹന്‍ലാല്‍ മാഷിന്റെ സാള്‍ട്ട് മാംഗോ ട്രീ സിനിമ. കോയ മാഷ് ക്ലിക്കായി. തനി കോഴിക്കോടന്‍ നാടന്‍ വര്‍ത്തമാനം. കൂസാത്ത കൗണ്ടറുകള്‍ പറയുന്ന കല്ലായിയിലെ പഴയ മര അളവുകാരനെ കണ്ട് ജനം ആര്‍ത്തു ചിരിച്ചു. പിന്നിട് മാമുക്കോയയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യന്‍ അന്തിക്കാടെന്ന സംവിധായകനും ചേര്‍ന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോള്‍ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്.

റാംജി റാവു സ്പീക്കിംഗ്, കണ്‍കെട്ട്, മഴവില്‍ക്കാവടി, രസതന്ത്രം, സസ്‌നേഹം, വല്ലാത്ത പഹയന്‍, കഥ തുടരുന്നു, പഴശിരാജ, മനസിനക്കരെ, അമ്മക്കിളിക്കൂട്, പട്ടാളം, തിളക്കം, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, വെട്ടം, തലയണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എങ്ങനെ എത്രയോ സിനിമകള്‍ നൂറു കണക്കിനു കഥാപാത്രങ്ങള്‍. ഒരു കാലത്തും പഴകാത്ത തമാശകള്‍.

മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോള്‍ പപ്പുവിനു പിന്നാലെ കോഴിക്കോടിനെ സിനിമയില്‍ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞുപോകുന്നത്.