കീടനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തു; ഇന്തോനേഷ്യ-മലേഷ്യ നൂഡില്‍സ് നിരോധിച്ച് ഖത്തര്‍

ദോഹ: കീടനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവായ എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നൂഡില്‍സ് ഇറക്കുമതി ചെയ്യുന്നതു നിരോധിച്ച് ഖത്തര്‍. ഇന്തോനേഷ്യയില്‍ നിന്നുള്ള ഇന്‍ഡോമി: സ്‌പെഷ്യല്‍ ചിക്കന്‍ ഫ്‌ളേവര്‍, മലേഷ്യയില്‍ നിന്നുള്ള അഹ് ലായ് വൈറ്റ് കറി നൂഡില്‍ എന്നീ രണ്ട് ഇന്‍സ്റ്റന്റ് നൂഡില്‍സ് ആണു നിരോധിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം (MoPH) വ്യക്തമാക്കി.

ഡിറ്റര്‍ജന്റുകളില്‍ സജീവ ഘടകമായും ഉപയോഗിക്കുന്ന രാസവസ്തുവാണ് എഥിലീന്‍ ഓക്‌സൈഡ്. ഭക്ഷണവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രതലങ്ങളില്‍ പോലും ഇതുപയോഗിക്കുന്നതു ഹാനികരമാണ്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന നൂഡില്‍സുകളില്‍ എഥിലീന്‍ ഓക്‌സൈഡ് ഇല്ലെന്നു തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.