യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

കീവ്: റഷ്യന്‍ അധിനിവേശത്തെ നേരിടാന്‍ അടുത്ത 12 മാസത്തേക്ക് പത്തുലക്ഷം റൗണ്ട് പീരങ്കിയുണ്ടകള്‍ യുക്രെയ്‌നു നല്‍കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഉച്ചകോടിയില്‍ യൂറോപ്യന്‍ നേതാക്കള്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി. തീരുമാനത്തിന് സെലന്‍സ്‌കി നേതാക്കള്‍ക്കു നന്ദി അറിയിച്ചു. ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ യുക്രെയ്ന്‍ നേരിടുന്ന ആയുധക്ഷാമം പരിഹരിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി.

യുദ്ധവിമാനങ്ങളും മിസൈലുകളും അയയ്ക്കാന്‍ വൈകുന്നതു യുദ്ധം നീളാന്‍ കാരണമാകുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാരും പ്രതിരോധമന്ത്രിമാരും പങ്കെടുത്ത ഉച്ചകോടിയിലാണ് സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സെലന്‍സ്‌കി ഉച്ചകോടിയില്‍ പങ്കെടുത്തത്. യുക്രെയ്‌നില്‍ സൈനികമുന്നേറ്റം നടക്കുന്ന പ്രദേശം സന്ദര്‍ശിക്കാന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് സെലന്‍സ്‌കി യോഗത്തില്‍ പങ്കെടുത്തത്.