അമേരിക്കയുടെ നിർദേശം തള്ളി ഇസ്രായേൽ; ഗസയ്ക്ക് നേരെ വീണ്ടും ആക്രമണം

ഫലസ്തീൻ: വെടിനിർത്തലിനുള്ള നിർദേശവുമായി അമേരിക്ക പരസ്യമായി രംഗത്തെത്തിയിട്ടും ഇസ്രായേൽ ഗസയ്ക്ക് നേരെ ആക്രമണങ്ങൾ തുടരുകയാണ്. ഇന്ന് പുലർച്ചെയും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണത്തിലൂടെ നിരവധി കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം തകർത്തു. അർദ്ധരാത്രിക്ക് ശേഷം ഇസ്രായേൽ ഒരു ഡസനിലധികം വ്യോമാക്രമണങ്ങളാണ് നടത്തിയത്.

വെടിനിർത്തൽ പ്രഖ്യാപനത്തിനു മുന്നോടിയെന്ന നിലക്കാണ് കനത്ത വ്യോമാക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരരുടെ ഒളിത്താവളങ്ങളും ആയുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന കേന്ദ്രങ്ങളും തകര്‍ത്ത ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്ന് ഇസ്രായേല്‍ സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.
മെയ് പത്ത് മുതലാണ് ഇസ്രായേൽ പലസ്തീൻ ബന്ധം കൂടുതൽ വഷളായത്. വ്യോമാക്രമണങ്ങളിൽ 228 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇസ്രായേലിൽ മരണസംഖ്യ 12 ആയി. നിരവധി ആളുകളെ മാറ്റിപാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.