ഖത്തറില്‍ വിവാഹങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

ദോഹ: കോവിഡ് വ്യാപനം പരിമിതപ്പെടുത്തതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുമായി വിവാഹങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ പുനംസ്ഥാപിച്ചതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവ നിശ്ചയിച്ചിട്ടുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ വിവാഹങ്ങളും ഇവന്റ് സംഘാടകരും പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

  • വീടുകളിലോ മജ്ലിസിലോ നടക്കുന്ന വിവാഹങ്ങള്‍ ഒഴികെ, കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്‍ഡോര്‍ വിവാഹങ്ങള്‍, മണ്ഡപങ്ങള്‍, ഔട്ട് ഡോര്‍ ഇടങ്ങളിലൊ വെച്ച് നടത്തപ്പെടുന്നവ ിവ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുക.
  • ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യം എന്നത് വധൂ വരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അടച്ച സ്ഥലങ്ങളില്‍ (വീട് അല്ലെങ്കില്‍ മജ്ലിസ്) 10 പേര്‍ക്കും തുറന്ന സ്ഥലങ്ങളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി.
  • എല്ലാ ചടങ്ങുകള്‍ക്കും മെട്രാഷ് 2 വിലൂടെ അപേക്ഷ നല്‍കി മുന്‍കൂര്‍ അനുമതി നേടണം.
  • ഇഹ്തിറാസ് അപ്ലിക്കേഷനില്‍ സൂചിപ്പിച്ചിരിക്കുന്ന ആരോഗ്യ നിലയുടെ നിറം (പച്ച) പരിശോധിച്ചതിന് ശേഷമല്ലാതെ ജീവനക്കാരെയും ക്ഷണിതാക്കളെയും പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. കൂടാതെ ഗ്രീന്‍ കോഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
  • ചടങ്ങിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാവരുടെയും താപനില പരിശോധിക്കേണ്ടതാണ്. ഇതിനായി സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. കൂടാതെ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള വ്യക്തികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുക.
  • ക്ഷണിക്കപ്പെട്ടവരുടെ വരവ് സംഘടിപ്പിക്കുന്നതിനും ചടങ്ങിന്റെ കാലയളവില്‍ ഈ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായതും വ്യക്തവുമായ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കേണ്ടതുണ്ട്.
  • ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കണം.

രാജ്യത്തെ കോവിഡ് വ്യാപന തോത് അനുസരിച്ച് ഈ തീരുമാനം ഭേദഗതിക്ക് വിധേയമാണെന്നും ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.