ന്യുഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് ഉടനെ വലയിലാകുമെന്ന് പോലീസ്. അമൃത്പാല്‍ കുരുക്ഷേത്ര ജില്ലയിലുണ്ടെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. അമൃത്പാലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിനു തൊട്ടുമുമ്പ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത് കുരുക്ഷേത്രയിലാണെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമൃത്പാലിന്റെ കൂട്ടാളി പാപല്‍പ്രീത് സിംഗും ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ക്കു വേണ്ടിയും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇരുവര്‍ക്കും അഭയം നല്‍കിയതിന് കുരുക്ഷേത്രയിലെ ഷാഹാബാദില്‍നിന്ന് ബല്‍ജിത് കൗര്‍ എന്ന സ്ത്രീയെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഞായറാഴ്ചയാണ് സ്വന്തം വീട്ടില്‍ അമൃത്പാല്‍ സിംഗിനും കൂട്ടാളിക്കും ബല്‍ജിത് കൗര്‍ ഒളിയിടമൊരുക്കിയത്.
വ്യാഴാഴ്ച അമൃത്പാലിനോടു സാദൃശ്യം തോന്നുന്ന ഒരാളെ ഷാഹാബാദില്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടണ്ട്.