595 പവന്‍ കാണാനില്ല, പ്രവാസി വ്യവസായിയുടെ മരണത്തില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് പൂച്ചക്കാട് വീടിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പൊലീസിന്റെയും പ്രാഥമിക നിഗമനം.

ഈ മാസം 14നായിരുന്നു പ്രവാസി വ്യവസായി എം.സി. അബ്ദുല്‍ ഗഫൂറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നു കരുതി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചിരുന്നു. എന്നാല്‍ മരിച്ചതിനു ശേഷം വീട്ടില്‍നിന്ന് 595 പവനിലധികം സ്വര്‍ണം കാണാതായതോടെയാണ് കുടുംബത്തിന് അസ്വാഭാവികത തോന്നിയത്. തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ കുടുംബം പരാതി നല്‍കുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ചെയ്തു.

മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.