ഖത്തര്‍ കുതിക്കുന്നു; പശ്ചിമേഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 5 മെഡലുകള്‍ കൂടി; 18 മെഡലുകളുമായി ഒന്നാം സ്ഥാനത്ത്

ദോഹ: പശ്ചിമേഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ അഞ്ച് മെഡലുകള്‍ കൂടി കരസ്ഥമാക്കി. മൂന്നു സ്വര്‍ണം, രണ്ടു വെള്ളി ഉള്‍പ്പെടെ അഞ്ചു മെഡലുകളാണ് ഖത്തര്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഇതോടെ 18 മെഡലുകള്‍ നേടി ആതിഥേയരായ ഖത്തര്‍ ഒന്നാം സ്ഥാനത്തു തുടരുന്നു.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 49.94 സെക്കന്‍ഡില്‍ ഓടിയെത്തി ഇസ്മായില്‍ ദാവൂദ് സ്വര്‍ണം നേടി. ചാംപ്യന്‍ഷിപ്പില്‍ അഞ്ചു മെഡലുകള്‍ പേരിലാക്കി താരം പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ബാസെം മുഹമ്മദ് അവദിനാണ് വെള്ളി. 50.51 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. പോള്‍വോള്‍ട്ടില്‍ സെയ്ഫ് അല്‍ ദിന്‍ അബ്ദുല്‍ സലാം 5.20 മീറ്ററില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു, ഡിസ്‌കസ് ത്രോയില്‍ മൊവാസ് ഇബ്രാഹിം 61.30 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി.

9 മെഡലുമായി ബഹ്‌റൈന്‍ രണ്ടാം സ്ഥാനത്തും 19 മെഡലുമായി ഇറാഖ് മൂന്നാം സ്ഥാനത്തുമാണ്.

സുഹൈം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 12 രാജ്യങ്ങളാണു പങ്കെടുക്കുന്നത്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യുഎഇ, ഇറാഖ്, ലെബനന്‍, ജോര്‍ദാന്‍, പലസ്തീന്‍, യെമന്‍, സിറിയ എന്നിവയാണ് പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍.