ഈ അത്തര്‍ കുപ്പിക്ക് വില ഒമ്പത് കോടി; തകര്‍ത്തത് രണ്ട് ഗിന്നസ് റെക്കോഡുകള്‍

ദുബയ്: അത്തറുകള്‍ക്ക് പേര് കേട്ടവയാണ് അറബ് നാടുകള്‍. അറബിക്കഥകളിലെങ്ങും സുഗന്ധം പൂശിനില്‍ക്കുന്ന അത്തറും അത്തറ് കുപ്പിയും കഥകള്‍ക്കപ്പുറും പുതിയ ചരിത്രം രചിക്കുകയാണ് ദുബയില്‍.
‘സ്പിരിറ്റ് ഓഫ് ദുബ്’ എന്ന വിശേഷണത്തോടെ ദുബയില്‍ നിര്‍മിച്ച ‘ഷുമുഖ്’ എന്ന സുഗന്ധദ്രവ്യം ഇതിനകം രണ്ട് ഗിന്നസ് േെറക്കാഡുകള്‍ സൃഷ്ടിച്ചു. കൂടുതല്‍ വജ്രങ്ങള്‍ പതിച്ച സുഗന്ധ ദ്രവ്യ കുപ്പി എന്നതിനാണ് ഒരു ഗിന്നസ് േെറക്കാഡ്. റിമോട്ട് കണ്‍ട്രോള്‍ വഴി ഉപയോഗിക്കാവുന്ന ഏറ്റവും ഉയരമേറിയ സുഗന്ധദ്രവ്യത്തിന്റെ കുപ്പി എന്നതാണ് മറ്റൊരു ഗിന്നസ് േെറക്കാഡ്.

വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിച്ചതാണീ കുപ്പി. ഉള്ളില്‍ മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്ത് പരീക്ഷിച്ചെടുത്ത അത്തര്‍. ഇത് സൂക്ഷിക്കാന്‍ രണ്ട് മീറ്ററോളം ഉയരമുള്ള മനോഹരമായ പെട്ടി. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന സംവിധാനം. വില വെറും ഒമ്പത് കോടി രൂപ!

ലോകത്തിലെ വിലയേറിയ സുഗന്ധദ്രവ്യം എന്ന വിശേഷണത്തോടെ ഇത് അവതരിപ്പിച്ചിരിക്കുന്നത് യുഎഇയിലെ പെര്‍ഫ്യൂം നിര്‍മാതാക്കളായ നബീല്‍ ഗ്രൂപ്പാണ്. മൊത്തം 38.55 കാരറ്റ് വരുന്ന 3571 വജ്രങ്ങളാണ് കുപ്പിയില്‍ പതിപ്പിച്ചിരിക്കുന്നത്. 18 കാരറ്റിന്റെ സ്വര്‍ണത്തിലാണ് ഇവ ഘടിപ്പിച്ചത്. സ്വര്‍ണം മാത്രം രണ്ടരക്കിലോയോളം വരും. അലങ്കാരപ്പണികള്‍ക്കായി കുപ്പിയില്‍ 5.8 കിലോയുടെ വെള്ളിയുമുണ്ട്. വിലയേറിയ മുത്തുകളും ആവശ്യാനുസരണം ഉപയോഗിച്ചിരിക്കുന്നു.

രണ്ട് മീറ്ററോളം ഉയരത്തിലാണ് പെട്ടിയും കുപ്പിയും ഉള്‍പ്പെടെയുള്ള സംവിധാനം. ആവശ്യക്കാരന്റെ ഉയരത്തിനനുസരിച്ച് കുപ്പി റിമോട്ട് കണ്‍ട്രോള്‍ വഴി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം. ഉയരം ക്രമപ്പെടുത്തിയ ശേഷം റിമോട്ട് അമര്‍ത്തിയാല്‍ പെര്‍ഫ്യൂം ശരീരത്തിലേക്ക് എത്തും. മൂന്ന് ലിറ്ററാണ് കുപ്പിയിലുള്ള സുഗന്ധദ്രവ്യം.

കാലിയായാല്‍ ഇഷ്ടത്തിനനുസരിച്ച് നിര്‍മാതാക്കള്‍ അത്രയും അത്തര്‍ പിന്നെയും നിറച്ചുതരും. അതിന് വേറെ വില നല്‍കണമെന്ന് മാത്രം. തൊലിപ്പുറത്ത് ഇത് പുരട്ടിയാല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ സുഗന്ധം നില്‍ക്കും. വസ്ത്രത്തിലാണെങ്കില്‍ ഒരു മാസം വരെയും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാം.

ഇന്ത്യയില്‍ നിന്നുള്ള മികച്ച ചന്ദനമാണ് ഇതിലെ ഒരു പ്രധാന ഘടകം. ഊദ്, ചന്ദനം, കസ്തൂരി എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള മികച്ച റോസാപ്പൂക്കളുടെ സുഗന്ധവും ഇതില്‍ ലയിപ്പിച്ചിരിക്കുന്നു. ഇറ്റലിയില്‍ നിന്നുള്ള വിശേഷപ്പെട്ട സ്ഫടികത്തിലാണ് കുപ്പിയുടെ നിര്‍മാണം. സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരാണ് കുപ്പിയിലെ അലങ്കാരപ്പണികള്‍ നിര്‍വഹിച്ചത്. ദുബയ് മാളിലെ ഫാഷന്‍ അവന്യൂവില്‍ പ്രദര്‍ശിപ്പിച്ച ഷുമുഖ് ഇപ്പോള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലാണ്.