കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് കൈയടി നേടാം, വിജയിച്ചാല്‍ ചൈനയിലേക്ക് പറക്കാം

തിരുവനന്തപുരം: തൊഴില്‍- നൈപുണ്യ വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (കെയ്‌സ്) വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഇന്ത്യ സ്‌കില്‍സ് കേരള 2020’ നൈപുണ്യമേളയില്‍ പാചകം, കേശാലങ്കാരം തുടങ്ങിയ ജനപ്രിയ മേഖലകളില്‍ കൂടി മത്സരം നടത്തുന്നു.

നൂതന സാങ്കേതികവിദ്യ വേണ്ടിവരുന്ന സ്‌കില്‍ ഇനങ്ങള്‍ക്കൊപ്പം ബേക്കറി, ബ്യൂട്ടിതെറാപ്പി, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ജ്വല്ലറി തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയാടിസ്ഥാനത്തില്‍ വിജയിച്ചാല്‍ ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ആഗോള മത്സരത്തില്‍ പങ്കെടുക്കാം. റഷ്യയിലെ കസാനില്‍ നടന്ന കഴിഞ്ഞ ആഗോള നൈപുണ്യ മേളയിലും മറ്റ് വിവിധ മത്സരങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ മികച്ച വിജയം നേടിയിരുന്നു.

ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 19 വരെയും, മേഖലാതല മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിയായി 2020 ജനുവരി 10 മുതല്‍ 15 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക. ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.

ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.indiaskillskerala.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വിവിധ സ്‌കില്‍ ഇനങ്ങള്‍ 
ഓട്ടോബോഡി റിപ്പയര്‍, ഓട്ടോമൊബൈല്‍ ടെക്‌നോളജി, ബ്രിക് ലേയിംഗ്, കേബിനറ്റ് നിര്‍മ്മാണം, സിഎന്‍സി ടേണിംഗ്, സിഎന്‍സി മില്ലിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍ ടെക്‌നോളജി, ഫ്‌ളോറിസ്ട്രി, ഹെയര്‍ ഡ്രെസിംഗ്, ജോയിനറി, ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡനിംഗ്, പെയിന്റിങ് ആന്റ് ഡെക്കറേറ്റിങ്, പ്ലാസ്റ്റിക്ക് ഡൈ എഞ്ചിനിയറിംഗ്, പ്ലംബിങ് ആന്റ് ഹീറ്റിങ്, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടിഷനിംഗ്, റെസ്റ്റോറന്റ് സര്‍വീസ്, വോള്‍ ആന്റ് ഫ്‌ളോര്‍ ടൈലിങ്, വാട്ടര്‍ ടെക്‌നോളജി, വെബ് ടെക്‌നോളജി, വെല്‍ഡിംഗ്, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഐടി സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് ഫോര്‍ ബിസിനസ്, കാര്‍ പെയിന്റിങ്, കാര്‍പന്‍ന്ററി, ഐടി നെറ്റ് വര്‍ക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, കണ്‍ഫക്ഷണറി ആന്റ് പാറ്റിസ്സെറീസ്, മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കമ്പ്യൂട്ടര്‍ എയ്ഡ് ഡിസൈന്‍, മൊബൈല്‍ റോബോട്ടിക്‌സ്, ഗ്രാഫിക്ക് ഡിസൈന്‍ ടെക്‌നോളജി, ഐടി നെറ്റ് വര്‍ക്ക് കേബ്‌ളിംഗ്, പ്രിന്റ് മീഡിയ ടെക്‌നോളജി, പ്ലാസ്റ്റിങ് ആന്റ് ഡ്രൈവോള്‍.