കഴുത്തു വേദനയെ മറികടക്കാം

കഴുത്തുവേദനയുടെ അസ്വസ്ഥതകള്‍ നേരിടാത്തവരുണ്ടാവില്ല. തെറ്റായ ശാരീരിക ചലനം, പിരിമുറുക്കം, സുഖകരമല്ലാത്ത ഉറക്കം, ദീര്‍ഘകാലത്തെ കമ്പ്യൂട്ടര്‍ ഉപയോഗം തുടങ്ങിയവ മൂലം കഴുത്തിലെ പേശികള്‍ക്ക് വലിവുണ്ടായി കഴുത്തു വേദന അനുഭവപ്പെടാം. തെറ്റായ പൊസിഷനില്‍ ഇരിക്കുന്നത് മൂലവും കഴുത്തിലെ എല്ലുകള്‍ക്കും സന്ധികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലവും പ്രായവുമായി ബന്ധപ്പെട്ട് എല്ലുകള്‍ക്കുണ്ടാകുന്ന തേയ്മാനവും വിള്ളലുകളും മൂലവുമാണ് ഭൂരിഭാഗം ആളുകള്‍ക്കും കഴുത്തുവേദന അനുഭവപ്പെടുന്നത്.

ദൈനം ദിന ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് കഴുത്തു വേദന നിയന്ത്രിക്കാന്‍ സാധിക്കും.

ചരിഞ്ഞുകിടന്നോ മലര്‍ന്നുകിടന്നോ ഉറങ്ങുക. ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്. ഇത് നട്ടെല്ലിന് വിഷമതകള്‍ സൃഷ്ടിക്കും. ഉടലിന്റെ സ്ഥിതിയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ വേണം തലയും കഴുത്തും. കഴുത്തിനടിയില്‍ ഒരു ചെറിയ തലയിണ വയ്ക്കാം. അധികം കട്ടിയില്ലാത്ത ഒരു തലയിണ തിരഞ്ഞെടുക്കുക. ഒന്നിലധികം തലയിണകള്‍ ഉപയോഗിക്കാതിരിക്കുക.
വേദനയുള്ള ഭാഗത്ത് ഐസ്/ഹീറ്റ് പായ്ക്ക് വയ്ക്കുക. തുടക്കത്തില്‍, രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസത്തേക്ക് ഐസ് പായ്ക്ക് ഉപയോഗിക്കുക. അതിനു ശേഷം ഹോട്ട് പായ്ക്കുകളോ ഹോട്ട് വാട്ടര്‍ബോട്ടിലോ ഉപയോഗിക്കാം.

ശരിയായ ഇരിപ്പ് ശീലിക്കാത്തതാണ് കഴുത്തു വേദനയുടെ പ്രധാന കാരണമെന്ന് മനസ്സിലാക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണുകളുടെ നിരപ്പിലായിരിക്കുന്നതിനായി കസേരയും ഡസ്‌കും ക്രമീകരിക്കുക. കസേരയുടെ കൈകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുകയും അല്‍പ്പദൂരം നടക്കുകയും ചെയ്യുക.

സെല്‍ ഫോണ്‍ കഴുത്തിനും തോളിനുമിടയില്‍ വച്ച് സംസാരിക്കാതിരിക്കുക. ഫോണ്‍ സ്പീക്കര്‍ ഫോണ്‍ മോഡില്‍ ഉപയോഗിക്കുക അല്ലെങ്കില്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കുക.

കഴുത്തുവേദന സുഖപ്പെട്ടുത്തുന്നതിന് കോളര്‍ ഉപയോഗിക്കുന്നത് സഹായിക്കുമെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കഴുത്ത് ചലിപ്പിക്കുന്നതായിരിക്കും മിക്കപ്പോഴും നല്ലത്.

നിങ്ങള്‍ക്ക് കഴുത്ത് തിരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, വാഹമോടിക്കാതിരിക്കുക. ഇത് ശരിയായ രീതിയില്‍ റോഡും മറ്റു വാഹനങ്ങളും കാണുന്നതിന് തടസ്സം സൃഷ്ടിക്കും.

ഭാരമുള്ള ബാഗുകള്‍ കഴുത്തിലും തോളിലും തൂക്കുന്നത് ഒഴിവാക്കുക. ഇത് കഴുത്തിന് ആയാസമുണ്ടാക്കും.

വ്യായാമങ്ങള്‍

കഴുത്തിലെ മസിലുകള്‍ക്ക് അല്‍പ്പം മുറുക്കം നല്‍കികൊണ്ട് കഴുത്ത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും തിരിക്കുക. ശ്രദ്ധാപൂര്‍വം കഴുത്ത് ഇടത്തു നിന്ന് വലത്തേക്ക് തിരിക്കുക. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ കഴുത്തിലെ മസിലുകള്‍ക്ക് ശക്തിപകരുകയും കഴുത്ത് അനായാസമായി ചലിപ്പിക്കാവുന്ന പരിധിയില്‍ വ്യത്യാസം വരുത്തുകയും ചെയ്യും.
കഴുത്തുവേദനയിലേക്ക് നയിക്കാവുന്ന ഒരു ഘടകമായതിനാല്‍ പുകവലി ഉപേക്ഷിക്കുക.

ശ്രദ്ധിക്കാന്‍
ചിലയവസരങ്ങളില്‍, കഴുത്തുവേദന ചില ഗുരുതരമായ രോഗങ്ങളുടെ സൂചനയായിരിക്കും. നിങ്ങളുടെ കഴുത്തുവേദന ഇനി പറയുന്ന രീതിയിലുള്ളതാണെങ്കില്‍, ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

കടുത്ത വേദന
തുടര്‍ച്ചയായുള്ള വേദന
ശക്തിക്ഷയിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ കൈയില്‍ മരവിപ്പ് അനുഭവപ്പെടുന്ന രീതിയില്‍