Saturday, September 18, 2021
Home News International കുളത്തിലേക്ക് മറിഞ്ഞ് മലയാളി യുവതി സഞ്ചരിച്ച കാര്‍; ചീങ്കണ്ണികള്‍ പാഞ്ഞടുത്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിച്ച് അമേരിക്കന്‍...

കുളത്തിലേക്ക് മറിഞ്ഞ് മലയാളി യുവതി സഞ്ചരിച്ച കാര്‍; ചീങ്കണ്ണികള്‍ പാഞ്ഞടുത്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിച്ച് അമേരിക്കന്‍ ദമ്പതികള്‍; ദുരന്തം കണ്‍മുന്നില്‍

ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്കു കാര്‍ മറിഞ്ഞ് മലയാളി വനിതാ ഡോക്ടര്‍ നിത കുന്നുംപുറത്ത് മരിച്ചത് അമേരിക്കന്‍ ദമ്പതികളുടെ കണ്‍മുന്നില്‍. അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30ന് ആയിരുന്നു അമേരിക്കന്‍ മലയാളികളെ മുഴുവന്‍ നടുക്കിയ ദുരന്തം. ചീങ്കണ്ണികള്‍ നിറഞ്ഞ കനാലില്‍ നിത ഓടിച്ച കാര്‍ വീഴുന്നത് തൊട്ടുപിന്നാലെ വന്ന അമേരിക്കന്‍ ദമ്പതികള്ഡ കണ്ടിരുന്നു. ഇവര്‍ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതോടെ തിരികെ കയറി. അമേരിക്കന്‍ ദമ്പതികളിലെ ഭാര്യ അടിയന്തര നമ്പറായ 911ല്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

മയാമയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.നിത, ഇല്ലിനോയി ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുനിന്ന് നേപ്പിള്‍സിലെക്ക് ഒറ്റയ്ക്ക് പോകുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ കനാലിലേക്കു മറിഞ്ഞത്. പിന്നാലെ വന്ന കാറില്‍ അമേരിക്കന്‍ ദമ്പതികളായിരുന്നു. അവരില്‍ ഭര്‍ത്താവ് കനാലിലേക്കു ചാടി കാറില്‍ നിന്നു നിതയെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട നിതയെ കരയ്‌ക്കെത്തിക്കുന്നതിനിടെ ചീങ്കണ്ണികള്‍ പാഞ്ഞെത്തി. കരയില്‍ നിന്ന ഭാര്യ അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ചു കരയ്ക്കു കയറി.

car-canal-alligator-usa

22ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഈ ദമ്പതികള്‍. 911ല്‍ വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നതിന് വളരെ ഭയത്തോടെ സ്ത്രീ മറുപടി പറയുന്നത് കേള്‍ക്കാം. പലപ്പോഴും സ്ത്രീ ഉറക്കെ നിലവിളിക്കുകയും ചീങ്കണ്ണികള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് എത്തിയെന്നും മനസിലാക്കുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഒന്നു രണ്ടു ചീങ്കണ്ണികളെ വെടിവച്ചു കൊന്നതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കനാലില്‍ ഇറങ്ങാനായതെന്ന് പോലിസ് അറിയിച്ചു.

ഫ്‌ലോറിഡയെയും നേപ്പിള്‍സിനെയും ബന്ധിപ്പിക്കുന്ന ഐ 75 ഹൈവേയുടെ വശങ്ങളിലാണ് കനാലുകള്‍. ചീങ്കണ്ണികള്‍ നിറഞ്ഞ ഈ മേഖലയില്‍ സുരക്ഷാ നിര്‍ദേശങ്ങളുണ്ട്.


 

Most Popular