കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ പകല്‍ വിമാനസര്‍വീസില്ല

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ആരംഭിച്ചു. നവീകരണത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാനസര്‍വീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 20ന് ആരംഭിച്ച് 2020 മാര്‍ച്ച് 28 വരെ തുടരും. 10 വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന റണ്‍വേ നവീകരണമാണിപ്പോള്‍ നടക്കുന്നത്.

1999ല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാനത്താവളത്തിലെ റണ്‍വേ 2009ല്‍ ഇത്തരത്തില്‍ നവീകരിച്ചിരുന്നു. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് റണ്‍വേയ്ക്കുള്ളത്. ടാക്‌സിവേ ഉള്‍പ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സര്‍വീസിനു സജ്ജമാക്കും.

റണ്‍വേ നവീകരണം പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ കൊച്ചി വിമാനത്താവളത്തിലെ റണ്‍വേ ലൈറ്റിങ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവില്‍ കാറ്റഗറി 1 ആണ് ലൈറ്റിങ് സംവിധാനം. റണ്‍വേയില്‍ 30 മീറ്റര്‍ അകലത്തിലാണ് ലൈറ്റുകള്‍. കാറ്റഗറി നിലവാരമുയര്‍ത്തുന്നതിനായി ലൈറ്റുകള്‍ തമ്മിലുള്ള അകലം 15 മീറ്റര്‍ ആയി കുറയ്ക്കും.

നിലവില്‍ ദിവസവും 240 വിമാന സര്‍വീസുകളാണുള്ളത്. ഇതില്‍ റദ്ദാകുന്നത് 4 ആഭ്യന്തര സര്‍വീസും ഒരു രാജ്യാന്തര സര്‍വീസും മാത്രം. രാജ്യാന്തര സെക്ടറില്‍ സ്‌പൈസ്ജെറ്റിന്റെ മാലദ്വീപ് സര്‍വീസ്. ആഭ്യന്തര സെക്ടറില്‍ സ്‌പൈസ്‌ജെറ്റിന്റെ ഒരു ചെന്നൈ സര്‍വീസ്, എയര്‍ ഇന്ത്യയുടെ ഒരു ചെന്നൈ സര്‍വീസ്, ഗോ എയറിന്റെ അഹമ്മദാബാദ് സര്‍വീസ്, അലയന്‍സ് എയറിന്റെ മൈസൂരു സര്‍വീസ് എന്നിവയും റദ്ദാകുന്നുണ്ട്.

എയര്‍ഇന്ത്യയുടെ ജിദ്ദ, ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളംബോ, കുവൈത്ത് എയര്‍വേയ്‌സിന്റെ കുവൈത്ത് സര്‍വീസുകള്‍ വൈകിട്ട് ആറിനു ശേഷമാക്കി. 35 ആഭ്യന്തര സര്‍വീസുകള്‍ രാവിലെ പത്തിനു മുന്‍പോ വൈകിട്ട് ആറിനു ശേഷമോ ആക്കി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനസമയം 24 മണിക്കൂറില്‍ നിന്ന് 16 മണിക്കൂര്‍ ആയി ചുരുങ്ങുന്നതു മൂലമുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സിയാല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ആഭ്യന്തര വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് ഇനി 3 മണിക്കൂര്‍ മുന്‍പേ (നിലവില്‍ ഒന്നര) ചെക്ഇന്‍ ചെയ്യാം. രാജ്യാന്തര യാത്രക്കാര്‍ക്ക് 4 മണിക്കൂര്‍ (നിലവില്‍ 3) മുന്‍പും. സുരക്ഷാ പരിശോധനയ്ക്ക് ഇപ്പോള്‍ 950 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് നേരത്തേ അനുവദിച്ചതില്‍ ബാക്കിയുള്ള 400 പേരും അടുത്ത ദിവസങ്ങളിലെത്തും. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളും ഡ്യൂട്ടി സമയം പുനഃക്രമീകരിച്ച് ഉദ്യോഗസ്ഥരെ കൂടുതല്‍ ലഭ്യമാക്കിയിട്ടുണ്ട്.