ഖത്തറില്‍ താല്‍ക്കാലിക തൊഴില്‍ വിസാ സമ്പ്രദായം ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറില്‍ താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്ന സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സുള്ള തൊഴില്‍ ഉടമകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവര്‍ക്ക് ഇത്തരം വിസയ്ക്കായി അപേക്ഷിക്കാം.

ഒരു മാസം മുതല്‍ ആറ് മാസം വരെ കാലാവധിയുള്ള വിസകളാണ് താല്‍ക്കാലിക തൊഴില്‍ വിസാ സംവിധാനപ്രകാരം അനുവദിക്കുക. ഒരുമാസത്തേക്കുള്ള വിസയ്ക്ക് 300 റിയാല്‍ രണ്ട് മാസത്തേക്ക് 500 റിയാല്‍, മൂന്ന് മൂതല്‍ ആറ് മാസത്തേക്ക് ഓരോ മാസത്തിനും 200 റിയാല്‍ വീതം എന്നിങ്ങനെയാണ് ചാര്‍ജ് ഈടാക്കുക. ഒരു മാസത്തേക്കും രണ്ട് മാസത്തേക്കുമുള്ള വിസയുടെ കാലാവധി ഖത്തറില്‍ നിന്ന് പുറത്തേക്കു പോകുന്നതോടെ അവസാനിക്കും. മള്‍ട്ടിപ്പിള്‍ എന്‍ട്രിയിലുള്ള താല്‍ക്കാലിക തൊഴില്‍ വിസകള്‍ക്ക് മൂന്നു മുതല്‍ ആറു മാസം വരെ കാലാവധിയുണ്ടാകും. ഈ കാലപരിധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്താലും അതേവിസയില്‍ തന്നെ നിശ്ചിത കാലപരിധിക്കുള്ളില്‍ രാജ്യത്ത് പ്രവേശിക്കാം.

ചില അടിയന്തിര ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രത്യേക സമയപരിധിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും സാധാരണ തൊഴില്‍ വിസയുടെ നടപടികള്‍ ഇല്ലാതെ തന്നെ ആവശ്യമായ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഇത് സഹായകമാവും. നിലവില്‍ ഓണ്‍ അറൈവല്‍ വിസയിലോ സന്ദര്‍ശക വിസയിലോ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ജോലി ചെയ്യാന്‍ നിയമപരമായി അനുവാദമില്ല.

താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുന്ന കാര്യം നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും എപ്പോള്‍ നടപ്പിലാക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനിടെയാണ് പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

ആണ്‍ മക്കള്‍ക്ക് രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ ജോലി ചെയ്യാനുള്ള അനുമതി, ആഭ്യന്തര മന്ത്രാലയം സര്‍വീസ് ഫീസില്‍ 20 ശതമാനം ഡിസ്‌കൗണ്ട് തുടങ്ങിയ പ്രഖ്യാപനങ്ങളും നേരത്തേ മന്ത്രാലയം നടത്തിയിരുന്നു. അതും ഉടന്‍ നടപ്പിലാക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.