ദുബയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ വരുന്നു; അബൂദബി വരെ പരീക്ഷണ ഓട്ടം നടത്തി

driverless vehicle

ദുബയ്: ഡ്രൈവറില്ലാതെ വാഹനങ്ങള്‍ ഓടിക്കാനൊരുങ്ങി സ്വപ്‌ന നഗരമായ ദുബയ്. 2021 ഓടെ ദുബയിലെ നിരത്തുകളില്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി മെഴ്‌സിഡസിന്റെ ഡ്രൈവറില്ലാ വാഹനം ദുബയ് മുതല്‍ അബൂദബി വരെ പരീക്ഷണ ഓട്ടം നടത്തി.

മെഴ്‌സിഡസിന്റെ ആക്ടേഴ്സ് ട്രക്കാണു 140 കിലോ മീറ്റര്‍ നീണ്ട റോഡ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ചൂട് കാലാവസ്ഥ, ദൈനംദിന ട്രാഫിക് നീക്കങ്ങള്‍ തുടങ്ങിയ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുമെന്ന് അറിയാന്‍ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (എസ്മ)യാണു വാഹനം പരീക്ഷണവിധേയമാക്കിയത്.

ചൊവ്വാഴ്ച ആരംഭിച്ച അഞ്ചാമതു രാജ്യാന്തര ഫ്യൂച്ചര്‍ മൊബിലിറ്റി സമ്മേളന (ഐസിഎഫ്എം)ത്തില്‍ എസ്മ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അബ്ദുള്‍ഖാദര്‍ അല്‍ മയീനിയാണ് ഡ്രൈവറില്ലാ വാഹനം പരീക്ഷണ ഓട്ടം നടത്തിയതായി വെളിപ്പെടുത്തിയത്. കഴിഞ്ഞമാസമായിരുന്നു പരീക്ഷണ ഓട്ടം.

ഗതാഗതത്തിരക്കില്‍ കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നു വിലയിരുത്താനാണു ടെസ്റ്റിങ് ട്രാക്കിനുപകരം സാധാരണ റോഡില്‍ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള ചലനവും മറ്റു വാഹനങ്ങളില്‍നിന്നുള്ള അകലവും കടുത്ത ചൂടുള്ള കാലാവസ്ഥയും വാഹനം നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയംനിയന്ത്രിത ഡ്രൈവറില്ലാ കാറുകള്‍ 2021 ഓടെ യുഎഇ റോഡുകളില്‍ എത്തുമെന്ന് അല്‍ മയീനി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. ഇത്തരം വാഹനങ്ങളുടെ പരീക്ഷണ ഓട്ടം യുഎഇ നിരവധി വര്‍ഷങ്ങളായി നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ റോഡുകളില്‍ ഉപയോഗിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.