പടിക്കെട്ടുകള്‍ നടന്നുകയറുക; യൗവനം നിലനിര്‍ത്തുക

ചെറിയ പടിക്കെട്ടുകള്‍ പോലും നടന്ന് കയറുന്നത് മടിച്ച് ലിഫ്റ്റുപയോഗിക്കാനാണ് ഇന്ന് മിക്കവര്‍ക്കും താല്‍പര്യം. എന്നാല്‍ കഴിയുന്നിടത്തോളം പടിക്കെട്ടുകള്‍ നടന്ന് കയറുന്നതാണ് നല്ലതെന്നാണ് കാനഡയിലെ കോണ്‍കോര്‍ഡി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

സ്റ്റെപ്പുകള്‍ നടന്ന് കയറിയാല്‍ ശരീരത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം ഒരു പോലെ മെച്ചപ്പെടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് പടിക്കെട്ടുകള്‍ നടന്ന് കയറുമ്പോള്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുകയും അതിലൂടെ വാര്‍ധക്യത്തെ അകറ്റി നിര്‍ത്തി കുറേക്കാലം ചെറുപ്പമായി നിലനില്‍ക്കാന്‍ സാധിക്കുകയും ചെയ്യും. സ്റ്റെപ്പുകള്‍ താണ്ടുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണത്തേതിനേക്കാള്‍ ത്വരിതപ്പെടുന്നതിനാലാണ് വാര്‍ധക്യം അകന്ന് നില്‍ക്കുന്നതെന്നാണ് പ്രസ്തുത ഗവേഷണത്തിന് ചുക്കാന്‍ പിടിച്ച ജേസണ്‍ സ്റ്റെഫ്നര്‍ വിശദീകരിക്കുന്നത്.

വെറുതെയല്ല ഗവേഷകര്‍ ഇക്കാര്യം തറപ്പിച്ച് പറയുന്നത്. പഠനത്തിന്റെ ഭാഗമായി ഇവര്‍ 19നും 79നും മധ്യേ പ്രായമുള്ള ആരോഗ്യമുള്ള 331 പേരെ നിരീക്ഷണവിധേയമാക്കിയിരുന്നു. ഇവരുടെ ദിവസം തോറുമുള്ള സ്റ്റെപ്പ് കയറ്റവും ഇവരുടെ മസ്തിഷ്‌കത്തിന്റെ പരിണാമവും ഗവേഷകര്‍ പഠിച്ചതിന് ശേഷമാണ് ഇതു സംബന്ധിച്ച ഫലം പുറത്ത് വിട്ടിരിക്കുന്നത്. കയറുന്ന സ്റ്റെപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നവര്‍ക്ക് വാര്‍ധക്യം വരുന്നത് വളരെ പതുക്കെയാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.