ദോഹ: മൂന്നു ദിവസങ്ങളിലായി നടന്ന ഏഴാം ഖത്തര്‍ മലയാളി സമ്മേളനം സമാപിച്ചു. മാനവ മൈത്രി സംഗമം, സമാപന സമ്മേളനം എന്നിങ്ങനെ രണ്ടു സെഷനുകളാണ് സമാപന ദിവസം നടന്നത്. ‘മഹിതം മാനവീയം’ എന്നതായിരുന്നു സമ്മേളന പ്രമേയം. കഴിഞ്ഞ ആറു സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ എന്‍ലൈറ്റ് മീഡിയ യൂട്യൂബ് (www.youtube.com/NLightMedia) ചാനല്‍ വഴിയാണ് പരിപാടികള്‍ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് മലയാളികള്‍ ഓണ്‍ലൈനില്‍ പരിപാടികള്‍ വീക്ഷിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം സ്വാഗത സംഘം മുഖ്യ രക്ഷാധികാരി കെ കെ ഉസ്മാന്റെ അധ്യക്ഷതയില്‍ സ്പീക്കര്‍ പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലോകത്തെവിടെയാണെങ്കിലും സംഘടനാവൈഭവം കാണിക്കുന്നവരാണ് മലയാളികള്‍ എന്ന് സ്പീക്കര്‍ പി.രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. മലയാളിയുടെ സംഘടനാ വൈഭവത്തിന്റെ പിന്നില്‍ അവന്റെ സ്വത്വ ബോധവും സംസ്കാരവും ഭാഷയുമുണ്ട്, അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയ വീട്ടില്‍ ആമുഖ ഭാഷണം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിടി ബല്‍റാം എംഎല്‍എ, അഡ്വ ജ്യോതി രാധിക വിജയകുമാര്‍, എന്‍എം ജലീല്‍ മാസ്റ്റര്‍, സിപി ഉമ്മര്‍ സുല്ലമി, സമീര്‍ ബിന്‍സി, സിയാദ് ഉസ്മാന്, എ സുനില്‍ കുമാര്‍, സമീര്‍ ഏറാമല, സലാഹ് കാരാടന്‍ , അഷഹദ് ഫൈസി, സൈനബ അന്‍വാരിയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. പദ്മശ്രീ അലി മണിക്ഫനെ പരിപാടിയില്‍ ആദരിച്ചു. അലി ചാലിക്കര നന്ദി പറഞ്ഞു. കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.
നേരത്തെ നടന്ന മാനവ മൈത്രി സംഗമം കെ.എന്‍.സുലൈമാന്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിറാജ് ഇരിട്ടി ആമുഖ ഭാഷണം നടത്തി. ഫാദര്‍ ഡേവിസ് ചിറമേല്‍, സ്വാമി ആത്മദാസ് യാമി, സിഎം ആലുവ, ഇസ്മാഈല്‍ കരിയാട് , സാം വിളനിലം, എ.പി മണികണ്ഠന്, സല്‍മ അന്‍വാരിയ എന്നിവര്‍ പ്രഭാഷണം നടത്തി. അഷ്റഫ് മടിയേരി നന്ദി പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിലാണ് 1999 മുതല്‍ ഖത്തര്‍ മലയാളി സമ്മേളനങ്ങള്‍ നടന്നു വരുന്നത്. ഷറഫ് പി ഹമീദ് ചെയര്‍മാനും ഷമീര്‍ വലിയവീട്ടില്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ഇത്തവണത്തെ സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത്.