Tuesday, June 15, 2021
Home Uncategorized ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ലാത്ത അപകടകാരികളായ എട്ട് ആന്‍ഡ്രോയ്ഡ് ആപ്പുകള്‍

ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ലാത്ത അപകടകാരികളായ എട്ട് ആന്‍ഡ്രോയ്ഡ് ആപ്പുകള്‍

യൂസര്‍മാരുടെ ഇഷ്ടത്തിന് അനുസരിച്ച് വഴങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. ഉപയോഗിക്കാനുള്ള എളുപ്പവും പരിഷ്‌കരിക്കാനുള്ള സൗകര്യങ്ങളുമൊക്കെയുള്ളതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന ടെക്‌നോളജി പ്രേമികളും ആന്‍ഡ്രോയ്ഡ് ആരാധകരാണ്. എന്നാല്‍, ആന്‍ഡ്രോയ്ഡിന്റെ ഈ തുറന്ന മനസിനെ മുതലെടുക്കുന്നവരും ഏറെയുണ്ട്. ആന്‍ഡ്രോയ്ഡ് യൂസര്‍മാരെ പറ്റിച്ച് ജീവിക്കുന്ന മാല്‍വെയറുകളും ബ്ലോട്ട്‌വയറുകളും ഇന്ന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

പ്ലേസ്‌റ്റോറില്‍ നിന്നും ഇടക്കിടെ ഗൂഗ്ള്‍ തന്നെ അപകടകാരികളായ ആപ്പുകളെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില ജനപ്രിയ ആപ്പുകള്‍ ഇപ്പോഴും യാതൊരു വെല്ലുവിളികളും ഇല്ലാതെ പ്ലേസ്‌റ്റോറില്‍ ഉലാത്തുന്നുണ്ട്. അവര്‍ ആരുമറിയാതെ ചോര്‍ത്തുന്ന വിവരങ്ങളും ഡാറ്റകളും എത്രത്തോളമെന്ന് അറിഞ്ഞാല്‍ കണ്ണ് തള്ളിപ്പോയേക്കും. ഇത്തരത്തിലുള്ള എട്ട് അപകടകാരികളായ ആപ്പുകളെ പരിചയപ്പെട്ടാലോ…. താഴെ പറയുന്ന ആപ്പുകളില്‍ ഏതെങ്കിലും വായനക്കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ എന്നെന്നേക്കുമായി ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും നല്ലത്.
യു.സി ബ്രൗസര്‍ (UC Browser)

ചൈനീസ് ടെക് ഭീമനായ ആലിബാബയുടെ അനുബന്ധ സ്ഥാപനായ യു.സി വെബ്ബിന്റെ കീഴിലുള്ള ബ്രൗസറാണ് യു.സി ബ്രൗസര്‍. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ബ്രൗസര്‍ എന്നും പറയാം. സൈബര്‍ സുരക്ഷാ അനലിസ്റ്റുകള്‍ പറയുന്നത് യു.സി ബ്രൗസര്‍ അവരുടെ ഡാറ്റാ ട്രാന്‍സ്മിഷനുകള്‍ വേണ്ടവിധം പരിരക്ഷിക്കുന്നില്ല എന്നാണ്. ഇത് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളോ അല്ലെങ്കില്‍ വല്ല ഹാക്കര്‍മാരോ ഉപയോഗിക്കുന്നതിന് കാരണമായേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പകരക്കാര്‍: ബ്രൈവ് ബ്രൗസര്‍, മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗ്ള്‍ ക്രോം, ഡക്ഡക്‌ഗോ ബ്രൗസര്‍, എഡ്‌സജ് ബ്രൗസര്‍ എന്നിവ മികച്ച ഫീച്ചറുകളുമായി പ്ലേസ്‌റ്റോറിലുണ്ട്. അവയില്‍ ഏതെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.
ക്ലീനിറ്റ് (CLEANit)

ഫോണിലെ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്ത് വേഗതയും സ്‌റ്റോറേജും വര്‍ധിപ്പിക്കും എന്ന വാഗ്ദാനം നല്‍കി പറ്റിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ക്ലീനിറ്റ്. പ്ലേസ്‌റ്റോറില്‍ മില്യണ്‍ കണക്കിന് ഡൗണ്‍ലോഡുള്ള ഈ ആപ്പിന് പ്രവര്‍ത്തിക്കാന്‍ നാം നല്‍കേണ്ട പെര്‍മിഷനുകള്‍ ഒന്ന് പരിശോധിച്ചാല്‍ തന്നെ ഞെട്ടിപ്പോകും. ഇത്തരം ആപ്പുകള്‍ മോഡേണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യമില്ല എന്ന് മാത്രമല്ല, ഇവ ഡാറ്റ ചോര്‍ത്താന്‍ സാധ്യതയേറെയാണ് എന്നതും ഓര്‍ക്കുക. ഫോണുകള്‍ക്ക് ദോശം വരുത്തുകയല്ലാതെ, യാതൊരുവിധ ഗുണങ്ങളും ഇത്തരം ആപ്പുകള്‍ പ്രധാനം ചെയ്യുന്നില്ല.

cache ഇടക്കിടെ ക്ലിയര്‍ ചെയ്യുന്നത് ഫോണിനെ സ്‌ലോ ആക്കുകയാണ് ചെയ്യുന്നത്. അല്‍പ്പം മെമ്മറി ലഭിക്കുമെങ്കിലും അവ തീര്‍ത്തും താല്‍ക്കാലികമാണ്. ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ സ്‌റ്റോപ് ചെയ്ത് ബാറ്ററി ജീവിതം വര്‍ധിപ്പിക്കും എന്നതാണ് മറ്റൊരു പൊള്ളയായ വാഗ്ദാനം. എന്നാല്‍, അവ ഫോണിന്റെ ബാറ്ററി ലൈഫില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാക്കില്ല.

പകരക്കാര്‍: ഇനി നിര്‍ബന്ധമായും അത്തരം ആപ്പുകള്‍ വേണം എന്നാണെങ്കില്‍ ഗ്രീനിഫൈ, സിസിക്ലീനര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാം
ഡോള്‍ഫിന്‍ ബ്രൗസര്‍ (Dolphin Browser)

ഏറ്റവും ജനപ്രീതി നേടിയ തേര്‍ഡ് പാര്‍ട്ടി ബ്രൗസറുകളില്‍ ഒന്നാണ് ഡോള്‍ഫിന്‍ ബ്രൗസര്‍. യൂസര്‍മാരെ രഹസ്യമായി ട്രാക് ചെയ്യുന്ന ഏറ്റവും അപകടകാരിയായ ബ്രൗസറാണിത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇന്‍കോഗ്‌നിറ്റോ മോഡില്‍ അടക്കം യൂസര്‍മാര്‍ സെര്‍ച്ച് ചെയ്യുന്നതെല്ലാം ഡോള്‍ഫിന്‍ ബ്രൗസര്‍ സേവ് ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്. വി.പി.എന്‍ ഉപയോഗിച്ചാല്‍ പോലും യൂസര്‍മാരുടെ ഒറിജിനല്‍ ഐ.പി അഡ്രസ്സ് വെളിപ്പെടുത്തുന്നു എന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്.

പകരക്കാര്‍: ബ്രൈവ് ബ്രൗസര്‍, മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗ്ള്‍ ക്രോം, ഡക്ഡക്‌ഗോ ബ്രൗസര്‍, എഡ്‌സജ് ബ്രൗസര്‍ എന്നിവ മികച്ച ഫീച്ചറുകളുമായി പ്ലേസ്‌റ്റോറിലുണ്ട്. അവയില്‍ ഏതെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.
വൈറസ് ക്ലീനര്‍ (Virus Cleaner – Antivirus Free & Phone Cleaner)

14 മില്യണ്‍ ഡൗണ്‍ലോഡുള്ള ആപ്പാണ് വൈറസ് ക്ലീനര്‍. സി.പി.യു തണുപ്പിക്കുമെന്നും സൂപ്പര്‍ സ്പീഡ് ബൂസ്റ്ററുണ്ടെന്നും വൈഫൈ സുരക്ഷയേകുമെന്നും വൈറസിനെ തുരത്തുമെന്നുമൊക്കെ പറഞ്ഞ് പറ്റിക്കുന്ന ഒന്നാന്തരം ഉഡായിപ്പ് ആപ്പ് കൂടിയാണിത്. വിശ്വസിക്കാന്‍ കൊള്ളാത്ത ബ്രാന്‍ഡുകളുടെ അടക്കം പരസ്യങ്ങള്‍ നിരന്തരം പ്രദര്‍ശിപ്പിക്കുന്ന ആപ്പ് കൂടിയാണിത്. ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ നിര്‍ബന്ധമായും അകലം പാലിക്കേണ്ട ആപ്പുകളില്‍ ഒന്ന്.

പകരക്കാര്‍: അവാസ്റ്റ്, എ.വി.ജി, കാസ്‌പെര്‍സ്‌കി തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുക.
സൂപ്പര്‍ വി.പി.എന്‍ (SuperVPN Free VPN Client)

100 മില്യണ്‍ ആളുകള്‍ പ്ലേസ്‌റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്ത ആപ്പാണിത്. എന്നാല്‍, ഈ വര്‍ഷം തുടക്കത്തില്‍ സൈബര്‍ സുരക്ഷ വിശകലന വിദഗ്ധര്‍ അവകാശപ്പെടുന്നത്, ഹാക്കര്‍മാരെ MitM (മാന്‍-ഇന്‍-ദി-മിഡില്‍) ആക്രമണങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ഗുരുതരമായ കേടുപാടുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ്. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ഫോട്ടോകള്‍, സ്വകാര്യ ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പകരക്കാര്‍: എക്‌സ്പ്രസ് വി.പി.എന്‍ (Express VPN), നോര്‍ഡ് വി.പി.എന്‍ (Nord VPN), സര്‍ഫ്ഷാര്‍ക് (SurfShark).
സൂപ്പര്‍ ക്ലീന്‍ (Super Clean – Master of Cleaner)

സൂപ്പര്‍ ക്ലീന്‍ പ്ലേസ്‌റ്റോറില്‍ 26 മില്യണ്‍ ഇന്‍സ്റ്റാളുകള്‍ ഉള്ള ആപ്പാണ്. മുമ്പ് പരാമര്‍ശിച്ചത് പോലെ നമ്മുടെ ഫോണുകള്‍ക്ക് യാതൊരു വിധ ഗുണവും നല്‍കാത്ത ആപ്പുകളില്‍ ഒന്നാണിത്. അതേസമയം, വിവരച്ചോര്‍ച്ചയടക്കമുള്ള അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ് താനും. ബാറ്ററി ലൈഫ് കൂട്ടുമെന്നും ഫോണിനെ ഫാസ്റ്റാക്കുമെന്നും വ്യാജ വാഗ്ദാനം നല്‍കുകയല്ലാതെ, ഇത്തരം ആപ്പുകള്‍ കൊണ്ട് യാതൊരു ഗുണവുമില്ല.
ഫില്‍ഡോ മ്യൂസിക് (Fildo Music)

ഒരുകാലത്ത് നിയവിരുദ്ധമായി പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പായിരുന്നു ഫില്‍ഡോ മ്യൂസിക്. ഒരു എംപി3 പ്ലെയര്‍ എന്ന വ്യാജേന സൗജന്യമായി പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആപ്പ് യൂസര്‍മാര്‍ക്ക് അവസരം ഒരുക്കാറുണ്ടായിരുന്നു. എന്നാല്‍, പ്ലേസ്‌റ്റോറിന്റെ പിടിയിലായതോടെ പാട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫീച്ചര്‍ അവര്‍ നിര്‍ത്തലാക്കി. ഇപ്പോള്‍ മ്യൂസിക് മാനേജ്‌മെന്റ് ആപ്പായി തുടരുന്ന ഫില്‍ഡോ വിവാദ ചൈനീസ് വിനോദ കമ്പനിയുമായി ഈയിടെ കൈകോര്‍ത്തിരുന്നു.

പകരക്കാര്‍: വി.എല്‍.സി, എ.ഐ.എം.പി, പവറാംപ് (Poweramp)
ഇ.എസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ (ES File Explorer)

ഫയല്‍ മാനേജര്‍ ആപ്പായി കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ആപ്പാണിത്. പ്ലേസ്‌റ്റോറില്‍ നിന്നും ഗൂഗ്ള്‍ അധികൃതര്‍ തന്നെ മുമ്പ് നീക്കം ചെയ്ത ആപ്പ്, മറ്റ് വഴികളിലൂടെ ആളുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, എത്രയും പെട്ടന്ന് ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും നല്ലത്. ഇ.എസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും ഹാക്കര്‍മാര്‍ക്കും ആപ്പ് നിര്‍മിച്ചവര്‍ക്കും എളുപ്പം ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്ലേസ്‌റ്റോറില്‍ അപകടകാരികള്‍ അല്ലാത്ത നിരവധി ഫയല്‍ മാനേജര്‍ ആപ്പുകള്‍ ലഭ്യമാണ്. അവ ഡൗണ്‍ലോഡ് ചെയ്യുക. ഇത്തരത്തില്‍ സൂക്ഷിക്കേണ്ട മറ്റു ചില ആപ്പുകളാണ് Clean Master, DU Battery Saver, Quick Pic Gallery എന്നിവ.

Most Popular