മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വീട്ടില്‍ അതിക്രമിച്ച് കയറി പോലിസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിച്ചെന്നാണ് പരാതി. ക്രൂരമായ മര്‍ദ്ദനമേറ്റ പൊന്നാനി സ്വദേശി നജ്മുദ്ധീന്‍ തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പോലിസുകാരനെതിരെ മലപ്പുറം പോലിസ് ചീഫ്, ഡി.വൈ.എസ്.പി, ഐ.ജി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും പ്രത്യേക പരാതി നല്കി.
വൃദ്ധരായ മാതാപിതാക്കളെ തള്ളിമാറ്റി നജ്മുദ്ധീനെ പോലിസ് ബലമായി കൊണ്ടുപോവുകയും അടിവസ്ത്രം വരെ അഴിപ്പിച്ച് പൂര്‍ണ്ണ നഗ്നനാക്കി മര്‍ദ്ദിക്കുകയായിരുന്നു. രഹസ്യഭാഗങ്ങള്‍ സ്പര്‍ശിച്ച് പ്രകൃതി വിരുദ്ധ നടപടികള്‍ക്ക് വിധേയനാക്കിയതോടൊപ്പം നാല് മണിക്കൂറോളം അടിച്ചും, ഇടിച്ചും പീഡിപ്പിച്ചു.മദ്യപിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ കൂടുതല്‍ പഞ്ചസാര തിളപ്പിച്ച മഞ്ഞ നിറത്തിലുള്ള ഉറുമ്പുകള്‍ ഉള്ള ലായിനി കുടിക്കാന്‍ നിര്‍ബന്ധിച്ചു. ബോധരഹിതനായ നജ്മുദ്ദീന് ബോധം വന്നപ്പോഴാണ് പുറത്ത് വിട്ടത്. അവശനായ യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പൊന്നാനി ഗവ. ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. നജ്മുദ്ദീന്റെ പരാതിയില്‍ പെരുമ്പടപ്പ് സി.ഐയോട് ജില്ലാ പോലിസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നിലവില്‍ ഒരുക്രിമിനല്‍ കേസിലും പ്രതിയല്ല നജ്മുദ്ദീന്. ബാഗ്ലൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് നാട്ടിലെത്തിയിട്ട് പത്ത് ദിവസം മാത്രമായിട്ടേയുള്ളൂ.