അമേരിക്കൻ നടന്‍ ടോം സൈസ്‌മോര്‍ അന്തരിച്ചു. 61 വയസായിരുന്നു. സേവിങ് പ്രൈവറ്റ് റയാന്‍, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ്. അദ്ദേഹത്തിന്റെ മാനേജരാണ് മരണ വാർത്ത പുറത്തുവിട്ടത്.
ഫെബ്രുവരി 18നാണ് തലച്ചോറിലെ അസുഖത്തേത്തുടര്‍ന്ന് സൈസ്‌മോറിനെ ലോസ് ആഞ്ജലിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തേത്തുടര്‍ന്നാണ് ഈ രോഗാവസ്ഥയുണ്ടായത്. ചികിത്സയിൽ ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിക്കട്ടതു മുതല്‍ അബോധാവസ്ഥയിലായിരുന്നു നടന്‍.
യഥാർത്ഥ പേര് തോമസ് എഡ്വേർഡ് സൈസ്മോർ ജൂനിയർ എന്നാണ്. 1961 നവംബർ 29ന് ഡിട്രോയിറ്റിയിൽ ജനിച്ചു. പിതാവ് വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്നു. അമ്മ ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥയായിരു
നാടകത്തിലൂടെയാണ് ടോം സൈസ്‌മോര്‍ സിനിമയിലേക്ക് എത്തുന്നത്. 1989ല്‍ ഒലിവര്‍ സ്റ്റോണിന്റെ ബോണ്‍ ഓണ്‍ ദി ഫോര്‍ത്ത് ഓഫ് ജൂലൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റോണിന്റെ തന്നെ 1994-ല്‍ പുറത്തിറങ്ങിയ നാച്ചുറല്‍ ബോണ്‍ കില്ലേഴ്‌സ് എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവിന്റെ വേഷം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഹീറ്റ് എന്ന ചിത്രത്തില്‍ അല്‍ പച്ചിനോയ്ക്കും റോബര്‍ട്ട് ഡി നീറോയ്ക്കുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തി. 1998-ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ടോം ഹാങ്ക്‌സ് ചിത്രം സേവിങ് പ്രൈവറ്റ് റയാനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ കരിയറിനേക്കാൾ വാർത്തകളിൽ നിറഞ്ഞത് സ്വകാര്യ ജീവിതമായിരുന്നു. മയക്കുമരുന്ന് ആസക്തിയും ഹോളിവുഡ് മാഡം ഹെയ്ദി ഫ്ലെയ്സുമായുള്ള ബന്ധവുമെല്ലാം വലിയ വാർത്തയായി. ഹെയ്ദിയെ ഉപദ്രവിച്ചതിന് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഹെയ്ദിയെ സിഗററ്റുകൊണ്ട് കുത്തുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു. മയക്കുമരുന്നു ലഹരിയിൽ ചെയ്തതാണ് എന്നായിരുന്നു ടോം സൈസ്‌മോർ പറഞ്ഞത്. തുടർന്ന് മയക്കുമരുന്നു വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി. അതിനുശേഷവും പലവിവാദങ്ങളിലും സൈസ്മോർ നിറഞ്ഞു നിന്നു.