Sunday, September 19, 2021
Home Uncategorized സൗജന്യമായി നാട്ടിലെത്തിക്കാമെന്ന കുവൈത്തിന്റെ വാഗ്ദാനം തള്ളി കേന്ദ്രം; പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ക്ക് ക്യാമ്പുകളില്‍ ദുരിതജീവിതം; നടപടി...

സൗജന്യമായി നാട്ടിലെത്തിക്കാമെന്ന കുവൈത്തിന്റെ വാഗ്ദാനം തള്ളി കേന്ദ്രം; പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാര്‍ക്ക് ക്യാമ്പുകളില്‍ ദുരിതജീവിതം; നടപടി വേണമെന്ന് സുപ്രിം കോടതി

കുവൈത്ത് സിറ്റി: കേന്ദ്രസര്‍ക്കാരിന്റെ ദുശ്ശാഠ്യം കാരണം കുവൈത്തില്‍ ആയിരിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ദുരിത ജീവിതം. കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാനാകാതെ വൃത്തിഹീനമായ ക്യാമ്പുകളില്‍ കഴിയുന്നത്. ആറായിരത്തോളം ഇന്ത്യന്‍ തൊഴിലാളികളാണ് ക്യാമ്പുകളിലുള്ളത്. പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സ്വന്തം ചെലലവില്‍ നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസിനുള്ള അനുമതി നല്‍കിയില്ല.

‘ഇന്ത്യന്‍ സര്‍ക്കാര്‍ നമ്മളെ തിരിച്ചുകൊണ്ടുപോകും എന്നാണ് പ്രതീക്ഷ. പക്ഷെ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചതായി അറിവുമില്ല,’ കുവൈത്തില്‍ ക്യാമ്പില്‍ കുടുങ്ങിയ ഒരു മലയാളി അറിയിച്ചു. ക്യാമ്പുകളില്‍ ഒറ്റമുറിയിലായി പതിനഞ്ചോളം പേരാണ് കഴിയുന്നത്. കോവിഡ് ഭീതിയില്‍ കഴിയുന്ന ഇവര്‍ക്ക് മാസ്‌കോ കൈയുറകളോ മറ്റ് രോഗപ്രതിരോധ സംവിധാനങ്ങളോ ഇല്ലെന്നാണ് വിവരം.

ഇവരെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുവൈത്തിലെ പൊതുമാപ്പ് അനുകൂല്യത്തില്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ അടിയന്തരമായി തുറന്നു നല്‍കണമെന്ന് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഏപ്രില്‍ 30ന് അകം ഇവരെ നാട്ടിലെത്തിക്കാനുള്ള സംവിധാനമൊരുക്കിയില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കുവൈത്ത് നേരത്തേ അറിയിച്ചിരുന്നു. ഇനിയും വൈകിയാല്‍ കുവൈത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നടപടി ഉണ്ടായേക്കുമെന്ന് ഹരജിക്കാര്‍ മുന്നറിയിപ്പ് നല്‍കി.

രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നവര്‍ക്കായി ഏപ്രില്‍ 1 മുതല്‍ 30വരെയാണ് കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. 13,000ഓളം ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. ഇതില്‍ നൂറുകണക്കിന് മലയാളികളുമുണ്ട്. ഇവരെ കുവൈത്ത് എയര്‍വെയ്‌സ്, ജസീറ വിമാനങ്ങളില്‍ സൗജന്യമായി നാട്ടിലെത്തിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ കാരണം പറഞ്ഞ് ഇന്ത്യ അനുമതി നിഷേധിക്കുകയായിരുന്നു. കൊറോണ ബാധയെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ മെയ് 17 മുതല്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചെങ്കിലും പൊതുമാപ്പുകാരുടെ കാര്യം അനിശ്ചിതമായി തുടരുകയാണ്.

Most Popular