തെഹ്റാന്: ഇസ്ലാമിനോടുള്ള ഫ്രാന്‍സിന്റെയും പാശ്ചാത്യ ലോകത്തിന്റെയും സമീപനത്തില്‍ അപലപിച്ച് ഇറാന്. മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ക്കുള്ള പാശ്ചാത്യ പിന്തുണ അധാര്‍മികവും മുസ്ലിംകളെ അപമാനിക്കുന്നതുമാണെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. ഇസ്ലാമിന്റെ മഹാനായ പ്രവാചകനെ എല്ലാ മുസ്ലിംകളും ലോകത്തിലെ സ്വാതന്ത്ര്യ പ്രേമികളും സ്നേഹിക്കുന്നുണ്ടെന്ന് പാശ്ചാത്യര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനെ അപമാനിക്കുന്നത് എല്ലാ മുസ്ലിംകളെയും അപമാനിക്കുന്നതാണ്. എല്ലാ പ്രവാചകന്മാരെയും മനുഷ്യ മൂല്യങ്ങളെയും അപമാനിക്കുകയും ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുകയുമാണ്, പ്രവാചകനെ അപമാനിക്കുന്നതിലൂടെ ചെയ്യുന്നതെന്നും റൂഹാനി വ്യക്തമാക്കി. സ്വാതന്ത്ര്യത്തോടൊപ്പം മൂല്യങ്ങളോടുള്ള ആദരവും ധാര്‍മിക പരിഗണനയും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫ്രാന്‍സില്‍ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ അടുത്തിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഫ്രാന്‍സില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ കൊണ്ടുവന്ന ചരിത്ര അധ്യാപകന് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ കൂടുതല്‍ കത്തിപ്പടര്‍ന്നത്. ഫ്രാന്‍സില്‍ ഇപ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഹിജാബ് നിരോധമുണ്ട്. മാക്രോണിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു. മുസ്ലിംകളോടുള്ള ഫ്രാന്‍സിന്റെ പുതിയ സമീപനത്തിന്റെ പേരില്‍ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.