ദോഹ: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആരോഗ്യ സേതു ആപ്പ് പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ മുഴുവന്‍ കോവഡ്-19 ട്രാക്കിങ് ആപ്പ് ആയ ആരോഗ്യ സേതുവില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
സ്വകാര്യതാ ലംഘനം സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആപ്പ് ആണ് ആരോഗ്യ സേതു. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലെയും ജീവനക്കാര്‍ ആരോഗ്യ സേതു നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയില്‍ സ്വകാര്യ കമ്പനിക്ക് ജനങ്ങളെ നിരീക്ഷിക്കാനുള്ള ഉത്തരവാദത്തമേല്‍പ്പിച്ചുകൊടുക്കുകയാണ് ആരോഗ്യ സേതു ആപ്പിലൂടെ ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇതേക്കുറിച്ച് പ്രതികരിച്ചത്. സര്‍ക്കാരിന് ജനങ്ങളെ നിരീക്ഷിക്കാന്‍ കോവിഡ്-19 ഒരു ഒഴിവ് കഴിവായി മാറ്റരുതെന്ന് ഇന്ന് ശശി തരൂര്‍ പ്രതികരിച്ചു.
സ്വകാര്യ-സര്‍ക്കാര്‍ സംരഭമാണ് ആരോഗ്യ സേതു ആപ്പെന്ന് സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ പങ്കാളിത്തമുള്ള സ്വകാര്യ സംരഭങ്ങള്‍ ഏതൊക്കെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഗൂഗിള്‍ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് ലളിതേഷ് കത്രഗഡ്ഡെ, മേക്ക് മൈ ട്രിപ്പ് സ്ഥാപകന്‍ ദീപ് കല്‍റ തുടങ്ങിയവര്‍ ആപ്പിന്റെ അണിയറയില്‍ ഉണ്ടെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്തു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ബ്ലൂടൂത്ത്, ജിപിഎസ് സാഹയത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. ആപ്പ് ഉപയോഗിക്കുന്നവര്‍ എവിടെയൊക്കെ സഞ്ചരിച്ചു, കൊറോണ പോസിറ്റീവായ ആളുമായി സമ്പര്‍ക്കത്തിലായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കേന്ദ്ര സര്‍വറിലേക്ക് ആപ്പ് ഷെയര്‍ ചെയ്യും. എന്നാല്‍, ആപ്പ് യഥാര്‍ത്ഥത്തില്‍ എന്തൊക്കെ വിവരങ്ങളാണ് കൈമാറുന്നതെന്നത് അവ്യക്തമാണ്. ആപ്പിന്റെ സോഴ്‌സ് കോഡ് പുറത്തുവിടണമെന്ന ആവശ്യം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
ആപ്പ് തെറ്റായ വിവരങ്ങള്‍ നല്‍കിയാലോ യൂസറുടെ വിവരങ്ങള്‍ അനുമതിയില്ലാതെ എടുത്താലോ സര്‍ക്കാര്‍ ഉത്തരവാദി ആയിരിക്കില്ലെന്ന് ആരോഗ്യ സേതു ആപ്പിന്റെ ടേംസ് ഓഫ് സര്‍വീസില്‍ പറയുന്നുണ്ട്. നിങ്ങള്‍ കൊറോണ രോഗിയുമായി സമ്പര്‍ക്കത്തിലായി എന്ന് ആരോഗ്യ സേതു ആപ്പ് തെറ്റായ വിവരം തന്നാലോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടാലോ സര്‍ക്കാര്‍ ഉത്തരവാദിയാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങള്‍ ഇത്തരത്തിലുള്ള ആപ്പ് ഉപയോഗിക്കുന്നുണ്ട്. സൗത്ത് കൊറിയയുട കൊറോണ മാപ്പ്, സിംഗപ്പൂരിലെ ട്രേസ് ടുഗദര്‍, ആസ്‌ത്രേലിയയുടെ കോവിഡ് സേവ്, ഖത്തറിന്റെ ഇഹ്തിറാസ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍, മറ്റു രാജ്യങ്ങളില്‍ ഇഷ്ടമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് വ്യവസ്ഥയെങ്കില്‍ ഇന്ത്യ മാത്രമാണ് ഇത് നിയമപരമായി നിര്‍ബന്ധമാക്കിയത്. മഹാമാരിയുടെ മറവില്‍ ജനങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന ആരോപണമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.
The Central Government has made it mandatory register in Arogya setu app for expatriates