Saturday, October 23, 2021
HomeUncategorizedജനങ്ങളെ ഇളക്കിവിട്ട് വര്‍ഗീയ കലാപത്തിന് ശ്രമം; പ്രമുഖ ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ജനങ്ങളെ ഇളക്കിവിട്ട് വര്‍ഗീയ കലാപത്തിന് ശ്രമം; പ്രമുഖ ബിജെപി നേതാക്കള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പ്രകോപന പ്രസംഗത്തിലൂടെ ജനങ്ങളെ ഇളക്കിവിട്ട് വര്‍ഗീയ കലാപത്തിന് ശ്രമം നടത്തിയ ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ഭാരതീയ ജനത മസ്ദൂര്‍ മഹാസംഘം മുന്‍ദേശീയ സെക്രട്ടറി കല്യാണരാമനും അടുത്ത അനുയായികളുമാണ് പിടിയിലായത്. മേട്ടുപാളയത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ കലാപത്തിന് ആഹ്വാനം നല്‍കുന്ന പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കോയമ്പത്തൂരിലെ ബിജെപിയുടെ തീപ്പൊരി നേതാവാണ് ഭാരതീയ ജനത മസ്ദൂര്‍ മഹാസംഘം മുന്‍ദേശീയ സെക്രട്ടറിയായ കല്യാണരാമന്‍. കല്യാണ രാമന്‍ പ്രസംഗം നടത്തിയ വേളകളിലെല്ലാം മേഖലയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്നത് പതിവാണ്. മുസ്ലിംകള്‍ക്കെതിരേ ഹിന്ദുമതസ്ഥരെ ഇളക്കിവിടുന്ന രീതിയിലാണ് മിക്കപ്പോഴും പ്രസംഗം. കഴിഞ്ഞയാഴ്ച മേട്ടുപാളയത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശമുണ്ടായത്. 2002 കലാപം വരെ ഗുജറാത്തില്‍ മുസ്ലിംകളെ പേടിച്ച് ഹിന്ദുക്കള്‍ ബങ്കറുകളില്‍ കഴിയുകയായിരുന്നുവെന്നു പറഞ്ഞാണ് തുടങ്ങിയത്. സമാനമായ കലാപത്തിലൂടെ എല്ലായിടത്തും മുസ്ലിംകളെ ഒതുക്കാനാവുമെന്ന രീതിയില്‍ പ്രസംഗം അതിരുകടന്നതോടെ പ്രദേശത്തെ ആളുകള്‍ ഇടപെട്ടു, സംഘര്‍ഷമായി.

തുടര്‍ന്ന് പ്രസംഗത്തിനെതിരേ നിരവധി പരാതികളാണ് മേട്ടുപ്പാളയം പോലിസിന് ലഭിച്ചത്. പരാതികളില്‍ അന്വേഷണം നടത്തിയ പോലിസ് കല്യാണരാമന്‍ വര്‍ഗീയ കലാപത്തിനു ശ്രമിച്ചതായി കണ്ടെത്തി. തുടര്‍ന്നായിരുന്നു അറസ്റ്റ്. കല്യാണ രാമനൊപ്പം ബിജെപി കോയമ്പത്തൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി ജഗനാഥന്‍, ഡിവിഷണല്‍ സെക്രട്ടറി സതീഷ് കുമാര്‍ എന്നിവരും പിടിയിലായിട്ടുണ്ട്. വര്‍ഗീയ കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.

Most Popular