ലണ്ടന്‍: 2020ലെ ബുക്കര്‍ പുരസ്കാരം സ്കോട്ടിഷ് എഴുത്തുകാരന് ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്. ‘ഷഗ്ഗീ ബെയിന്‍’ എന്ന അദ്ദേഹത്തിന്റെ ആദ്യ നോവലിനാണ് പുരസ്കാരം. സ്റ്റുവാര്‍ട്ടിന്റെ കുട്ടിക്കാലത്തുനിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1980ലെ ഒരു വര്‍ക്കിങ് ക്ലാസ് കുടുംബത്തിന്റെ കഥയാണ് ഷഗ്ഗീ ബെയിന്‍ പറയുന്നത്. ‘ഞാന്‍ എപ്പോഴും ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നു, ഇത് എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ഇത് എന്റെ ജീവിതം മുഴുവന്‍ മാറ്റിമറിക്കും’ -സ്റ്റുവാര്‍ട്ട് പറഞ്ഞു.
ന്യൂയോര്‍ക്കിലാണ് 44 കാരനായ സ്റ്റുവാര്‍ട്ട് താമസിക്കുന്നത്. കോവിഡ് 19നെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയായിരുന്നു പുരസ്കാര പ്രഖ്യാപനം. 50,000 പൗണ്ട് ആണ് പുരസ്കാര തുക. ആറുപേരാണ് പുരസ്കാരത്തിന് അവസാന ഘട്ടത്തിലെത്തിയത്.ഇത്തവണ ബുക്കര്‍ സമ്മാനത്തിന് പരിഗണിച്ച എഴുത്തുകാരില്‍ ആറ് പേരുടേയും ആദ്യ നോവലുകളാണ് പുരസ്കാര നിര്‍ണയ സമിതിയ്ക്ക് മുന്നില്‍ വന്നത്. ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലന്‍ഡുകാരനാണ് ഡഗ്ലസ് സ്റ്റുവാര്‍ട്ട്.