അമ്മാവന്റെ ജീവന്‍ രക്ഷിച്ച പന്ത്രണ്ടുക്കാരിയെ ഖത്തര്‍ അഭിനന്ദിച്ചു

ദോഹ: ആരോഗ്യപ്രശ്‌നത്തില്‍ അകപ്പെട്ട അമ്മാവന്റെ ജീവന്‍ രക്ഷിക്കാനുള്ള പന്ത്രണ്ട്കാരിയുടെ ശ്രമങ്ങളെ പൊതു സുരക്ഷാ ഡയറക്ടറേറ്റിലെ സൗത്ത് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അഭിനന്ദിച്ചു. റിമാസ് റാഷിദ് അല്‍-അഫീഫ അല്‍ മാരിയെന്ന പന്ത്രണ്ട്കാരിയെയാണ് പൊതു സുരക്ഷാ ഡയറക്ടറേറ്റ് അഭിനന്ദിച്ചത്. അപകടഘട്ടത്തില്‍ ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കുന്നതിനോടൊപ്പം സഹായത്തിനായി അത്യാഹിത വിഭാഗത്തേയും(999) റിമ വിളിക്കുകയായിരുന്നു.

പൊതു സുരക്ഷാ വിഭാഗത്തിന്റെ ഈ ബഹുമതിക്ക് റിമാസിന്റെ പിതാവ് ആഭ്യന്തര മന്ത്രാലയത്തിനും തെക്കന്‍ സുരക്ഷാ വകുപ്പിനും നന്ദി രേഖപ്പെടുത്തി. ആ സാഹചര്യത്തില്‍ തന്റെ മകളുടെ ശരിയായ നടപടി അവളുടെ അറിവിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടസാഹചര്യങ്ങള്‍ നേരിടാന്‍ കുട്ടികളെ സുരക്ഷാ നടപടികള്‍ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം മാതാപിതാക്കളെ ഓര്‍മിപ്പിച്ചു.

അതേസമയം, സീലിന്‍ പ്രദേശത്ത് മുങ്ങിമരിക്കുന്നതില്‍ നിന്ന് ഒരാളെ രക്ഷിച്ചതിന് ഈജിപ്ഷ്യന്‍ സ്വദേശിയായ ലാറ അലി മുഹമ്മദിനെ ദക്ഷിണ സുരക്ഷാ വകുപ്പ് ബഹുമാനിച്ചു. സുരക്ഷക്കായുള്ള സംയുക്ത ഉത്തരവാദിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഇത്തരം ശ്രമങ്ങള്‍ക്കും സംയുക്ത സഹകരണത്തിനും തെക്കന്‍ സുരക്ഷാ വകുപ്പ് നന്ദി രേഖപ്പെടുത്തി.