Tuesday, May 18, 2021
Home Gulf Saudi Arabia ചില്ല പ്രതിമാസ വായന 70 ലക്കം പിന്നിട്ടു

ചില്ല പ്രതിമാസ വായന 70 ലക്കം പിന്നിട്ടു

റിയാദ്: ചില്ല പ്രതിമാസ വായന 70 ലക്കം പിന്നിട്ടു. 2015 ല്‍ ആരംഭിച്ച ‘എന്റെ വായന’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിയുടെ എഴുപതാമത്തെ ലക്കമായിരുന്നു വെര്‍ച്വല്‍ ഒത്തുചേരലായി സംഘടിപ്പിച്ചത്. കെ ആര്‍ മീരയുടെ ‘ഖബര്‍’ എന്ന നോവല്‍ അവതരിപ്പിച്ചുകൊണ്ട് പ്രിയ സന്തോഷ് എഴുപതാം ലക്കം വായനയ്ക്ക് തുടക്കം കുറിച്ചു .

ഫെബ്രുവരി 2015 മുതല്‍ എല്ലാമാസവും മുടങ്ങാതെ ചില്ല ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് മാസം മുതലാണ് വെര്‍ച്വല്‍ പ്ലാറ്റുഫോമിലേക്ക് ചില്ല പരിപാടികള്‍ മാറിയത്. ലോക്ഡൗണ്‍ കാലത്ത് പ്രതിവാര വെര്‍ച്വല്‍ സംവാദങ്ങള്‍ നടന്നു. സാറാ ജോസഫ്, ബെന്യാമിന്‍, എസ് ഹരീഷ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി മുസഫര്‍ അഹമ്മദ്, മനോജ് കുറൂര്‍, അംബികാസുതന്‍ മാങ്ങാട്, സോണിയ റഫീഖ്, ഫര്‍സാന അലി എന്നിവര്‍ ചില്ല സംവാദങ്ങളെ സര്‍ഗാത്മകമാക്കി.

അറബ് കവി ശിഹാബ് ഗാനിം, കെ സച്ചിദാന്ദന്‍, ഇ സന്തോഷ് കുമാര്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍ ചില്ല വാര്‍ഷിക ആഘോഷങ്ങള്‍ക്കായി ചില്ലയിലെത്തി. 2014 ഡിസംബറില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവായിരുന്നു ചില്ലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബുക്ക്വിസ് എന്ന പേരില്‍ പെന്‍ഡുലം ബുക്‌സുമായി സഹകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ സാഹിത്യപ്രശ്‌നോത്തരിയില്‍ 2018 മെയ് മുതല്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കുന്നു. മുഴുദിന സംവാദപരിപാടിയായ ലെറ്റ്‌ബേറ്റ്, പുതുതലമുറക്കായി ഒരുക്കിയ ബ്ലൂംറീഡ്സ് എന്നിവ ചില്ലയുടെ വിവിധ പരിപാടികളാണ്.

നവംബര്‍ വായനയില്‍ മനു എസ് പിള്ളയുടെ ‘ദ കോര്‍ട്ടിസാന്‍ ദ മഹാത്മ ആന്റ് ദ ഇറ്റാലിയന്‍ ബ്രാഹ്മിന്‍’ എന്ന ചരിത്രാഖ്യാന പുസ്തകത്തിന്റെ വായനാനുഭവം അനസൂയ പങ്കുവച്ചു. കെ പി റഷീദിന്റെ ‘ലോക്‌ഡൌണ്‍ ഡേയ്സ് – അടഞ്ഞ ലോകത്തിന്റെ ആത്മകഥ’ എന്ന പുസ്തകം നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. ടി ഡി രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ യുടെ വായനാസ്വാദനം കൊമ്പന്‍ മൂസ നടത്തി. ബീന, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, വിപിന്‍ കുമാര്‍, അമൃത സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സീബ കൂവോട് മോഡറേറ്ററായിരുന്നു. ഈ വര്‍ഷത്തെ ഖത്തര്‍ സംസ്‌കൃതി സിവി ശ്രീരാമന്‍ പുരസ്‌കാരം നേടിയ ബീനയെ ചില്ലയിലെ സഹഅംഗങ്ങള്‍ അനുമോദിച്ചു.

Most Popular