Tuesday, June 15, 2021
Home Uncategorized മൃദുഹിന്ദുത്വം പിന്തുടര്‍ന്നാല്‍ കോണ്‍ഗ്രസ് സീറോ ആകുമെന്ന് ശശി തരൂര്‍

മൃദുഹിന്ദുത്വം പിന്തുടര്‍ന്നാല്‍ കോണ്‍ഗ്രസ് സീറോ ആകുമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: മൃദുഹിന്ദുത്വത്തെ പരിപോഷിപ്പിച്ച് ‘ബിജെപിലൈറ്റ്’ വേര്‍ഷന്‍ ആകാനില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ച കാര്യമാണെന്നും അത്തരമൊരു നീക്കമുണ്ടായാല്‍ അത് ‘കോണ്‍ഗ്രസ് സീറോ’യിലായിരിക്കും അവസാനിക്കുകയെന്നും ശശി തരൂര്‍ എംപി.
പുതിയ പുസ്തകമായ ‘ദ് ബാറ്റില്‍ ഓഫ് ബിലോങ്ങിങ്’ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടു വാര്‍ത്താ ഏജന്‍സി പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എങ്ങനെ നോക്കിയാലും ബിജെപിയല്ല കോണ്‍ഗ്രസ് എന്നു വ്യക്തമാകും. കോണ്‍ഗ്രസുമായി ഒരു തരത്തിലും സാമ്യം കാണാനാകാത്ത ഒന്നിന്റെ ‘മൃദു’ വേര്‍ഷനായി മാറേണ്ട ആവശ്യവും പാര്‍ട്ടിക്കില്ല. അങ്ങനെ ഒരു ശ്രമം നടക്കുന്നില്ലെന്നാണു കരുതുന്നത്. ഹൈന്ദവികതയും (Hinduism) ഹിന്ദുത്വവും (Hindutva) തമ്മില്‍ കോണ്‍ഗ്രസ് വേര്‍തിരിവ് സൃഷ്ടിച്ചിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മറ്റുള്ളവരെ മുന്‍ധാരണകളില്ലാതെ സമീപിക്കുന്നതുമാണ് കോണ്‍ഗ്രസിന്റെ ഹൈന്ദവികതയെന്നും തരൂര്‍ അവകാശപ്പെട്ടു.

battle of belonging tharoor-book

നടപ്പാക്കുന്ന കാര്യത്തിലും നയപരമായും ഇന്ത്യയില്‍ മതനിരപേക്ഷത അപകടകരമായ അവസ്ഥയിലാണെന്നു കോണ്‍ഗ്രസ് തരൂര്‍ പറഞ്ഞു. ഹിന്ദുത്വ സിദ്ധാന്തങ്ങളെ വിമര്‍ശനപരമായി സമീപിക്കുകയാണ് പുസ്തകത്തില്‍. എന്നാല്‍ മതപരമായ സിദ്ധാന്തങ്ങളെയല്ല, മറിച്ച് രാഷ്ട്രീയപരമായ സിദ്ധാന്തങ്ങളെയാണു താന്‍ വിമര്‍ശിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയ 37% വോട്ട് എന്നത് ഭൂരിപക്ഷമല്ല. മറ്റു പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രങ്ങളെപ്പോലെ ‘ഹിന്ദുത്വ’യും മറ്റുള്ളവരുടെ ഭയത്തെ വിജയകരമായി ചൂഷണം ചെയ്ത് നേടിയെടുത്തതാണ്.

ദേശീയതയുടെ പേരില്‍, സ്വതന്ത്ര സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മിഷനും റിസര്‍വ് ബാങ്കിനും വിവരാവകാശ കമ്മിഷനും വരെ തുരങ്കം വയ്ക്കാന്‍ ഇന്ന് അധികാരത്തിലുള്ളവര്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ല. പാര്‍ലമെന്റില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ വ്യത്യസ്താഭിപ്രായങ്ങളെ അടിച്ചമര്‍ത്താനാണ് ബിജെപി അധികസമയം ചെലവഴിക്കുന്നത്.അതിന് ഇന്ത്യയില്‍ പിന്തുണ ലഭിക്കുമെന്നു തോന്നുന്നില്ലെന്നും തരൂര്‍ പറഞ്ഞു.


 

Most Popular