മസ്‌കത്ത്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊറോണ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ഒമാനില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴുപേര്‍ക്ക് നേരത്തേ രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പകര്‍ന്നതെന്നാണ് കണ്ടെത്തല്‍. ഏഴുപേര്‍ വിദേശയാത്ര ചെയ്തവരാണ്. ഇതോടെ ഒമാനില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 99 ആയി.
അതിനിടെ, കൊറോണ രോഗബാധ സംബന്ധിച്ച വിവരം മറച്ചുവയ്ക്കുകയോ ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കുമെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഇതിനുവേണ്ടി ഭേദഗതി വരുത്തിസുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ഉത്തരവിട്ടു. യഥാസമയം പകര്‍ച്ചവ്യാധിയെ കുറിച്ച് സര്‍ക്കാരിനെ അറിയിച്ചില്ലെങ്കില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 1000 മുതല്‍ 3000 റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ശിക്ഷയോ നല്‍കാനാണ് നിയമ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
വിദേശികളെ ശിക്ഷക്ക് ശേഷം നാടുകടത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പകര്‍ച്ചവ്യാധി നിരോധന നിയമത്തിന്റെ 19, 20 വകുപ്പുകളിലാണ് മാറ്റം വരുത്തിയത്. ഡോക്ടര്‍ പകര്‍ച്ചവ്യാധിയെ കുറിച്ച് മതിയായ മുന്നറിയിപ്പും പടരുന്ന രീതികളെ കുറിച്ചും രോഗം പടരാതിരിക്കാന്‍ ശ്രദ്ധേിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടും ഇത് ലംഘിക്കുകയാണെങ്കിലും ഇതേ ശിക്ഷ ലഭിക്കും. വിദേശ രാജ്യത്തുനിന്ന് ഒമാനിലേക്ക് വരുന്നയാള്‍ക്ക് രോഗബാധയുണ്ടെന്ന് ഉറപ്പാവുകയോ രോഗം സംശയിക്കപ്പെടുകയോ ചെയ്താല്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തണം. ആവശ്യമെങ്കില്‍ ചികിത്സാ രേഖകള്‍ നല്‍കണം. ഇതിന് വിസമ്മതിച്ചാലും ശിക്ഷാ നടപടികള്‍ക്ക് വിധേയമാവും.