Friday, June 25, 2021
Home Uncategorized ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ

ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇന്ത്യയെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 90 റണ്‍സെടുത്ത ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസ്ട്രേലിയയ്ക്കായി ആദം സാംപയും ജോഷ് ഹെയ്സല്‍വുഡും മികച്ച പ്രകടനം കാഴ്ചവെച്ചു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിലാണ് 374 എന്ന വലിയ സ്‌കോര്‍ കണ്ടെത്തിയത്.

കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. വെറും 4.1 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. ഓസിസ് പേസ് ബൗളിങ് നിരയെ ധവാനും മായങ്കും അനായാസം നേരിട്ടു.

എന്നാല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ ഉടന്‍ തന്നെ മായങ്ക് ക്രീസ് വിട്ടു. ജോഷ് ഹെയ്സല്‍വുഡാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും 21 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കോലിയെ പുറത്താക്കിയ ഹെയ്സല്‍വുഡ് അതേ ഓവറില്‍ തന്നെ പിന്നാലെയെത്തിയ ശ്രേയസ്സ് അയ്യരെയും (2) പുറത്താക്കി. ഇതോടെ 53 ന് പൂജ്യം എന്ന നിലയില്‍ നിന്നും 80 ന് മൂന്ന് എന്ന അവസ്ഥയിലേക്ക് ഇന്ത്യവീണു.

ശ്രേയസ്സിന് പകരം ക്രീസിലെത്തിയ രാഹുലിനും കാര്യമായൊന്നും ചെയ്യാനായില്ല. വെറും 12 റണ്‍സെടുത്ത താരത്തെ സാംപ പുറത്താക്കി. ഇതോടെ ഇന്ത്യ 101-ന് നാല് എന്ന ദയനീയ അവസ്ഥയിലായി.

എന്നാല്‍ മറുവശത്ത് മികച്ച ഫോമില്‍ കളിച്ച ധവാന്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. രാഹുലിന് പകരമായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്യയെ കൂട്ടുപിടിച്ച് ധവാന്‍ സ്‌കോര്‍ 150 കടത്തി. പിന്നാലെ ഹാര്‍ദിക്കും ഫോമിലേക്കുയര്‍ന്നു. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. അവിശ്വസനീയമായ രീതിയാണ് ധവാനും ഹാര്‍ദിക്കും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 128 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

എന്നാല്‍ സ്‌കോര്‍ 229-ല്‍ നില്‍ക്കെ സാംപ വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 35-ാം ഓവറിലെ മൂന്നാം പന്തില്‍ 86 പന്തുകളില്‍ നിന്നും 74 റണ്‍സെടുത്ത ധവാനെ സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ച് ഹെയ്സല്‍വുഡ് ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് സ്വന്തമാക്കി.

Most Popular