Sunday, October 24, 2021
HomeUncategorizedആസ്വാദനമികവിന്റെ പുത്തൻ ഭാഷ്യം കുറിച്ച് 'അന്ധകാരം'…

ആസ്വാദനമികവിന്റെ പുത്തൻ ഭാഷ്യം കുറിച്ച് ‘അന്ധകാരം’…

അതീന്ദ്രിയ ശക്തികളേക്കുറിച്ച് അല്ലെങ്കിൽ പ്രകൃതിക്ക് അതീതമായ ഒരു അവസ്ഥയേക്കുറിച്ച് പറയുന്ന കഥകൾക്ക് എന്നും ആരാധകരുണ്ട്. അത് പുസ്തകമായാലും സിനിമയായാലും. രാത്രിയുടെ യാമങ്ങളിൽ ജനാല തുറന്നു വരുന്ന കാറ്റും മുറിയിൽ അനുഭവപ്പെടുന്ന ഏതോ അദൃശ്യ ശക്തിയുടെ സാമീപ്യവും അസാധാരണമായൊരു ലോകമാണ് ആസ്വാദകനുമുന്നിൽ തുറന്നിടുക. ആറ്റ്ലിയുടെ നിർമാണത്തിൽ വി. വി​ഗ്നരാജൻ രചിച്ച് സംവിധാനം ചെയ്ത ‘അന്ധകാരം’ എന്ന ചിത്രം അത്തരത്തിലൊന്നാണ്.

andhakaram22

കാഴ്ച വൈകല്യമുള്ള സർക്കാർ ലൈബ്രറി ക്ലർക്ക് സെൽവം, പരാജിതനായ ക്രിക്കറ്റർ വിനോദ്, ഡോ. ഇന്ദ്രൻ, അധ്യാപികയായ പൂജ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങൾ. ഇവരുടെ ജീവിതം എങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് ചിത്രത്തിന്റെ ആകെത്തുക. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു പ്രേതകഥയാണ് അന്ധകാരം. പക്ഷേ ഈ സോണറിൽ ഇന്നേവരെ വന്നിട്ടുള്ള ചിത്രങ്ങളിൽ നിന്ന് അന്ധകാരത്തെ വേറിട്ട് നിർത്തുന്നത് എന്തെന്ന് ചോദിച്ചാൽ അതിന്റെ ആഖ്യാനശൈലിതന്നെയെന്ന് പറയേണ്ടിവരും.

രണ്ട് മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു ഹൊറർ സിനിമയ്ക്ക് എന്തിനാണ് ഇത്രയും ദൈർഘ്യം എന്ന് തോന്നിയേക്കാം. അതിനുള്ള ഉത്തരവും നേരത്തെ പറഞ്ഞ, കണ്ടനുഭവിക്കേണ്ട അവതരണശൈലി തന്നെ. പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളും ഒരിക്കലും ഒരിടത്ത് കൂട്ടിമുട്ടില്ലെന്ന് തോന്നിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭൂതവും വർത്തമാനവുമെല്ലാം ഇടകലർത്തിയുള്ള അവതരണരീതി ഭീതികഥ പറയുന്ന സിനിമയിൽ അത്ര പരിചിതമല്ല. നാല് കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്ന് പ്രേക്ഷകൻ ചിന്തിക്കുമ്പോഴേക്കും ചിത്രം അവിടെ നിന്നും ഏറെ മുന്നോട്ടുപോയിരിക്കുന്നതായി കാണാം.

പതിഞ്ഞ താളത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതിന് ഏറ്റവും കൂടുതൽ സഹായകരമായിട്ടുള്ളത് പ്രദീപ്കുമാർ ഒരുക്കിയ പശ്ചാത്തലസം​ഗീതമാണ്. അധികം ജമ്പ് സ്കെയർ സീനുകളില്ലാതെ സം​ഗീതം മാത്രമുപയോ​ഗിച്ച് പേടിപ്പെടുത്തുന്ന മാജിക് സിനിമയിൽ കാണാം. ഹൊറർ സിനിമകളിൽ പതിവായി കാണുന്ന ഉച്ചാടനരം​ഗങ്ങളേയും അതിലെ ​ഗ്രാഫിക്സ് നിറക്കൂട്ടുകളേയും അന്ധകാരം പൊളിച്ചെഴുതുന്നുണ്ട്. ഇവിടെയും താരമാവുന്നത് സം​ഗീതം അല്ലെങ്കിൽ ശബ്ദം തന്നെ. പല രം​ഗങ്ങളിലും ഇരുട്ടും ഭയത്തിന്റെ തീവ്രതയേറ്റുന്നു.

andhakaram 22232

 

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ ആദ്യം പരി​ഗണിക്കേണ്ടത് നായകന്മാരായ വിനോദ് കിഷൻ, അർജുൻ ദാസ് എന്നിവരുടെ പ്രകടമാണ്. കാഴ്ചവൈകല്യമുള്ള സെൽവമായി ​ഗംഭീര പ്രകടനമാണ് വിനോദ് കിഷൻ കാഴ്ചവെച്ചിരിക്കുന്നത്. കൈതിയിലെ വില്ലനിൽ നിന്നും നായകനിലേക്കുള്ള അർജുൻ ദാസിന്റെ കൂടുമാറ്റം പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. വിനോദ് എന്ന പരാജിതനായ ക്രിക്കറ്ററുടെ മാനസികസംഘർഷങ്ങളും സഞ്ചാരങ്ങളും കാഴ്ചക്കാരനിൽ ഭയം സൃഷ്ടിക്കുമെന്ന് നൂറുശതമാനം ഉറപ്പാണ്. ഡോ. ഇന്ദ്രനായെത്തിയ കുമാർ നടരാജൻ, പൂജ രാമചന്ദ്രൻ എന്നിവരുടെ പ്രകടനങ്ങളും കയ്യടിയർഹിക്കുന്നു.

pooja

ഓരോ കഥാപാത്രത്തിനേയും വ്യത്യസ്തമായ ഓരോ കഥയായി സമീപിക്കുകയാണെങ്കിൽ അടുക്കും ചിട്ടയുമില്ലാതെ സന്ദർഭങ്ങൾ സൃഷ്ടിച്ചിരിക്കുന്നു എന്ന തോന്നലുണ്ടായേക്കാം. എന്നാൽ സിനിമ അവസാനിക്കുമ്പോൾ നിർത്തിയിടത്തുനിന്നും പ്രേക്ഷകൻ പിന്നോട്ട് ചിന്തിച്ചുതുടങ്ങും. ഭീതിയുടെ ചരടിൽ ഓരോ കഥാപാത്രങ്ങളും സന്ദർഭങ്ങളും കൃത്യമായി കോർത്തെടുക്കപ്പെടും. ഒരു കാര്യം നിസ്സംശയം പറയാം. മറ്റൊരു മികച്ച തിയേറ്റർ അനുഭവം കൂടി തട്ടിത്തെറിക്കപ്പെട്ടിരിക്കുന്നു.

Most Popular