മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന സ്കൂളിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സ്കൂളിനെതിരെ ക്ഷുദ്ര പ്രചരണം നടത്തരുതെന്ന് മാധ്യമങ്ങളിലൂടെയും സര്‍ക്കുലറുകളിലൂടെയും പലതവണ എല്ലാവരെയും അറിയിച്ചിരുന്നതായും എന്നിട്ടും ചില വ്യക്തികള്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ സ്കൂളിനെതിരെ തെറ്റായ പ്രചാരണത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും എക്സിക്യുട്ടീവ് കമ്മറ്റി കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ സ്കൂളിന്റെ വിശദീകരണം
ഫീസടക്കാന്‍ കഴിയാത്ത കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയെന്നും അതിനോട് പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ് പ്രചരിപ്പിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. വലിയ ഫീസ് കുടിശ്ശിക കാരണം സ്കൂളില്‍ നിന്ന് നിരവധി തവണ അറിയിച്ചിട്ടും അവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റിനെയോ അധ്യാപകരെയോ സമീപിക്കാത്ത മാതാപിതാക്കളുടെ കുട്ടികളെ മാത്രമാണ് കുറച്ച് ദിവസത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയത്.
കുടിശ്ശികയുടെ ഒരു ചെറിയ ഭാഗം അടച്ചതിനുശേഷം അല്ലെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ സ്കൂള്‍ അധികാരികളെ അറിയിച്ചതിന് ശേഷം ക്ലാസ് അവര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്യുന്നു. സ്കൂള്‍ നല്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കുലറുകളിലൂടെ മാതാപിതാക്കളെ നിരന്തരം അറിയിച്ചിരുന്നു. ഫീസ് കുടിശ്ശിക അടയ്ക്കാന്‍ കുട്ടികളെ സഹായിക്കുക എന്ന കാരണം പറഞ്ഞ് കുറച്ച് ആളുകള്‍ ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ഉറവിടങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. അതിനിടയില്‍, ഇങ്ങനെ ശേഖരിച്ച പണത്തിന്റെ ആനുകൂല്യം തങ്ങള്‍ക്കും കിട്ടണമെന്നു ആവശ്യപ്പെട്ട് ചില മാതാപിതാക്കള്‍ സ്കൂളിനെ സമീപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സ്കൂള്‍ കുട്ടികളുടെ പേരില്‍ ധനസമാഹരണത്തിനായി ഏതെങ്കിലും സംഘടനകളെയോ വ്യക്തികളെയോ അധികാരപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഒരു പത്രക്കുറിപ്പും സര്‍ക്കുലറും സ്കൂള്‍ മാനേജ്മെന്റ് പുറത്തിറക്കിയത്. ഇതിനിടെ സ്കൂള്‍ ഫീസ് കുടിശിക തീര്‍ക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളിലൊരാള്‍ ആത്മഹത്യ ചെയ്തതായി വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അത്തരമൊരു സംഭവം നടന്നതായി അറിയില്ല. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ജീവനക്കാരുടെ ശമ്പളം നാല് മാസമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മറ്റൊരു ആരോപണം പ്രചരിക്കുന്നു.
2020 ജൂലൈ മുതല്‍ സപ്തംബര്‍ വരെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ 75% നല്‍കിയിട്ടുണ്ട്. പ്രസ്തുത മാസങ്ങളില്‍ ഫീസ് പിരിവ് വളരെ കുറവായിരുന്നു. ഈ മാസങ്ങളില്‍, ഫീസ് അടയ്ക്കരുതെന്ന് ചില വ്യക്തികള്‍ നടത്തിയ നിഷേധാത്മക പ്രചാരണത്തിന്റെ ഫലമായിരിക്കാം അങ്ങനെ സംഭവിച്ചത്. ഇക്കാരണത്താല്‍, ഈ മാസങ്ങളില്‍ ശമ്പളത്തിന്റെ 75% മാത്രമാണ് നല്‍കാനായത്. എന്നിരുന്നാലും, രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂള്‍ മാനേജ്മെന്റിന്റെ ഇടപെടലിന്റെ ഫലമായി, ഘട്ടം ഘട്ടമായി ബാക്കി 25% ശമ്പളം നല്കാന് നടപടി സ്വീകരിച്ചുവരുന്നു.
ഫീസ് ഇളവ് അനുവദിക്കുന്നതില്‍ ചില അഴിമതികളുണ്ടെന്നും അതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിച്ച കുട്ടികളുടെ പട്ടിക പരസ്യമാക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. വിവിധ കാരണങ്ങളാല്‍ സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് കുട്ടികള്‍ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം സ്കൂള്‍ നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് നല്‍കിവരുന്നുണ്ട്..
ഇന്ത്യന്‍ സ്കൂളിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്കൂളിനു എതിരായ ഇത്തരം പ്രചരണം. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കോ മറ്റ് സ്വാര്‍ത്ഥപരമായ കാരണങ്ങള്‍ക്കോ വേണ്ടി മാത്രം അവര്‍ മികച്ച പഠന കേന്ദ്രമായ ഇന്ത്യന്‍ സ്കൂളിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയാണ്. 2016ലെ വാര്‍ഷിക ജനറല്‍ ബോഡിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്കൂളിനെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.