ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം ഡല്‍ഹിയെ വിറപ്പിക്കുന്നു. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ട പിടിച്ചെടുത്ത് മുകളില്‍ കൊടി ഉയര്‍ത്തി. സിംഘു അതിര്‍ത്തിയിലെ കര്‍ഷകരും ചെങ്കോട്ടക്ക് സമീപമെത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ട്രാക്്ടറുകളാണ് റാലിയില്‍ അണിനിരന്നിരിക്കുന്നത്.
മോദിക്ക് സന്ദേശം നല്‍കാനാണ് ഞങ്ങള്‍ എത്തിയത്. അത് നടന്നു കഴിഞ്ഞു. ഇനി ഞങ്ങള്‍ ചെങ്കോട്ടയില്‍ നിന്ന് പിന്മാറും. അവര്‍ എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും ഞങ്ങള്‍ ചെങ്കോട്ട വരെ എത്തി. ലക്ഷ്യം നേടാതെ പിന്മാറില്ല-കര്‍ഷകരില്‍ ഒരാള്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു
അതേസമയം, ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചുവെന്ന് വിവരം. ഒരു കര്‍ഷകന്‍ വെടിവെപ്പില്‍ മരിച്ചെന്നും ഒരാള്‍ ട്രാക്റ്റര്‍ മറിഞ്ഞ് മരിച്ചെന്നും കര്‍ഷ സംഘടനാ നേതാവ് കെ.വി. ബിജു പറഞ്ഞു. ആറ് ട്രാക്റ്ററുകള്‍ അപകടത്തില്‍പ്പെട്ടുവെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. പോലിസ് വെടിവയ്പ്പിലാണ് മരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടിവെച്ചിട്ടില്ലെന്നാണ് പോലിസിന്റെ അവകാശവാദം. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി അടിച്ചമര്‍ത്താനാണ് പോലിസ് ശ്രമിച്ചത്. റിപബ്ലിക് ദിന പരേഡ് കഴിഞ്ഞ് മാത്രമേ റാലി ആരംഭിക്കാന്‍ പാടുള്ളു എന്നായിരുന്നു പോലിസ് നിലപാട്. എന്നാല്‍, 8 മണിക്ക് റാലി ആരംഭിക്കാന്‍ അനുമതി ഉണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ഡല്‍ഹിയിലേക്ക് ആരംഭിച്ച മാര്‍ച്ച് പോലിസ് തടഞ്ഞതോടെ വ്യാപക സംഘര്‍ഷം അരങ്ങേറി. പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. കര്‍ഷക സമരത്തില്‍ സംഘര്‍ഷം വ്യാപകമായതോടെ ഐടിഒ മേഖലയില്‍ കേന്ദ്രസേനയിറങ്ങി.
സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് തല്ലിചതച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബാരിക്കേഡ് മറിക്കടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ ദില്‍ഷാദ് ഗാര്‍ഡനിലും സംഘര്‍ഷം അരങ്ങേറി. കര്‍ഷരുടെ ട്രാക്ടറുകളുടെ കാറ്റ് പോലിസ് അഴിച്ചുവിട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ട്രാക്ടര്‍ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്ത് കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. അതേസമയം രാവിലെ ഗാസിപൂര്‍, സിംഘു അതിര്‍ത്തിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഗാസിപൂരില്‍ കര്‍ഷകര്‍ക്ക് നേരെ നിരവധി തവണ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ഡല്‍ഹിയിലേക്ക് പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലിസിന്റെ ശ്രമം പരാജയപ്പെട്ടു. ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നതെങ്കിലും അതിലും എത്രയോ അധികം ട്രാക്ടറുകള്‍ എത്തിയതായാണ് കണക്കാക്കുന്നത്. ട്രാക്ടറുകള്‍ക്ക് പുറമെ ആയിരക്കണക്കിന് പേര്‍ കാല്‍നടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്. ആളുകളുടെ വരവ് കുറയ്ക്കാന്‍ ഡല്‍ഹി മെട്രോയുടെ പല സ്റ്റേഷനുകളിലും ഇന്ന് പ്രവേശനം വിലക്കിയിരുന്നു.