Tuesday, May 24, 2022
HomeUncategorizedആശങ്ക രേഖപ്പെടുത്തി

ആശങ്ക രേഖപ്പെടുത്തി

ദോഹ: മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം കാലിക്കറ്റ് എയർപോർട്ടിൽ പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റൺവേ വികസന പദ്ധതിയുടെ പേരിലുള്ള നീക്കങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ജനുവരി  26ന് ഏവിയേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇറക്കിയ ഉത്തരവ് അനുസരിച്ച് റൺവേ എൻഡ് സേഫ്റ്റി സോണിന്റെ (റെസ) നീളം ഇരുവശങ്ങളിലും 90 മീറ്ററിൽ നിന്നും 250 മീറ്റർ ആയി ഉയർത്താനാണ് നിർദ്ദേശം. ഇതുവഴി ഇപ്പോഴുള്ള റൺവേയുടെ നീളം 2860 നിന്നും 2560 ആയി ചുരുങ്ങുകയും അതുവഴി വലിയ വിമാന സർവീസുകൾ തുടങ്ങാനുള്ള എയർപോർട്ടിന്റെ നീക്കങ്ങൾക്  വിലങ്ങുതടി ആകുമെന്നുമാണ്  വിദഗ്ധർ പറയുന്നത്.
എന്നാൽ എയർപോർട്ട് വിമാന അപകടവുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളൊന്നും നടപ്പിലാക്കാതെ ധൃതിപിടിച്ച് റെസ കൂട്ടുന്ന ഈ പ്രവർത്തനം ദുരൂഹമാണെന്നും ഇതിൽ നിന്നും അധികാരികൾ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ടേബിൾ ടോപ്പ് വിമാനത്താവളങ്ങളുടെ  വികസനത്തിൽ നാഴികക്കല്ലായി മാറാവുന്ന ഇമാസ് പോലുള്ള സംവിധാനങ്ങൾ കൊണ്ട് വരുന്നതിൽ അലംഭാവം കാണിക്കുകയും വൈഡ് ബോഡി വിമാനങ്ങൾ ഇറക്കാനുള്ള എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന ഇത്തരം നീക്കങ്ങളിൽ മുന്നോട്ട് പോകുകയും ചെയ്യുന്നതിൽ  മലബാറിലെ മുഴുവൻ പ്രവാസികളെയും ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭ പ്രവർത്തനങ്ങൾക്കാണ് ഡോം ഖത്തർ പദ്ധതിയിട്ടിരിക്കുന്നത്.
മലബാറിന്റെ വികസനത്തിൽ നാഴികക്കല്ലായ കോഴിക്കോട് എയർപോർട്ട് എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സംഘടനകളോട് ഒപ്പം ചേർന്നു നിയമപരമായി സാധ്യമാകുന്ന എല്ലാ മാർഗങ്ങളും സ്വീകരിച്ച സമര പദ്ധതികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനമെടുത്തു.
ഖത്തർ പ്രസിഡണ്ട് വിസി മഷ്ഹൂദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും ട്രഷറർ കേശവദാസ് നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ മുഖ്യ രക്ഷാധികാരിയും എം കെ ആർ ഫൗണ്ടേഷൻ ചെയർമാനുമായ അച്ചു ഉള്ളാട്ടിൽ, രതീഷ് കക്കോവ്, എം ബാലൻ, ബഷീർ കുനിയിൽ, മൈമൂന സൈനുദ്ദീൻ തങ്ങൾ, ശ്രീജിത് നായർ സി പി, പി ശ്രീധർ, ഡോക്ടർ ഹംസ വി വി, നബ്‌ഷാ മുജീബ്, സൗമ്യ പ്രദീപ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സഖി ജലീൽ, നുസൈബ അസീസ്, വൃന്ദ രതീഷ്, പ്രീതി ശ്രീധർ, ഷംല ജാഫർ, അബ്ദുൽ റസാഖ് ഒദയപുരത്ത്, നൗഫൽ കട്ടുപ്പാറ, നിയാസ് കൈപ്പേങ്ങൾ, സുരേഷ് ബാബു പണിക്കർ, ഷാനവാസ് എലചോല, ഫാസിലാ മഷ്ഹൂദ്, ഫസീല എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Most Popular