പ്രവാസികളെ തിരികെ എത്തിക്കാന്‍ കരട് പദ്ധതി തയ്യാറായി; യാത്രയ്ക്ക് നാവിക സേനയുടെ ഏറ്റവും വലിയ കപ്പലും വ്യോമസേനാ വിമാനങ്ങളും

repatriation of expats from gulf

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫില്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ പ്രയാസത്തിലായ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് പദ്ധതി രൂപീകരിച്ചു. തിരികെ എത്തേണ്ടവരുടെ പട്ടിക വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ തയ്യാറാക്കി തുടങ്ങി. പട്ടിക തയ്യാറാക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങും. ഗള്‍ഫ് മേഖലയിലുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കാകും മുന്‍ഗണന നല്‍കുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാവും രണ്ടാമത് പരിഗണന നല്‍കുക. തിരിച്ചെത്തുന്നവരെ മുഴുവന്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാണ് ഇവരെ ക്വാറന്റൈനില്‍ വിടണോ നേരിട്ട് ആശുപത്രിയില്‍ എത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലായ ഐഎന്‍എസ് ജലാംശയും ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്ന് ‘ദി വീക്ക്’ റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഐസൊലേഷനുള്ള ക്രമീകരണങ്ങളും കപ്പലുകളില്‍ ഒരുക്കും. നാവിക സേനയുടെ ഒരു കപ്പലില്‍ ഒരു സമയം 500 ആളുകളെ മാത്രമെ തിരികെ എത്തിക്കൂ. വ്യോമസേനയുടെ ഗ്ലോബല്‍ മാസ്റ്റര്‍ വിമാനങ്ങളും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളും ഈ ദൗത്യത്തില്‍ പങ്കുചേരും.

അതേസമയം, തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന്‍ വിദേശകാര്യമന്ത്രാലയം തുടങ്ങി. എംബസികള്‍ മുഖേനയാണ് രജിസ്ട്രേഷന്‍. വിമാന സര്‍വ്വീസിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എംബസികള്‍ ഇതിനകം രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇതുവരെ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല.

The central government has drafted a plan to repatriate expats from foreign countries , including the Gulf. Indian Embassies in various countries have begun preparing their return list.